വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് ആദ്യ മദർഷിപ്പ് എത്തി. ചൈനയിലെ സിയാമെൻ തുറമുഖത്ത് നിന്നും 2000 കണ്ടെയ്നറുകളുമായെത്തിയ ‘സാൻ ഫെർണാണ്ടോ’ എന്ന കപ്പലാണ് നങ്കൂരമിട്ടത്.
രാവിലെ ഏഴു മണിയോടെ 25 നോട്ടിക്കല് മൈല് (46 കിലോമീറ്റർ) അകലെ പുറംകടലിലെത്തിയ കപ്പലിനെ വാട്ടർ സല്യൂട്ട് നല്കിയാണ് തുറമുഖത്തേക്ക് സ്വീകരിച്ചത്. വലിയ ടഗ് ഓഷ്യന് പ്രസ്റ്റീജിന്റെ നേതൃത്വത്തില് ഡോള്ഫിന് സീരിസിലെ 27, 28, 35 എന്നീ ചെറു ടഗുകളാണ് വാട്ടര് സല്യൂട്ട് നല്കിയത്. ഒമ്ബതരയോടെ വിഴിഞ്ഞം തുറമുഖത്ത് കപ്പല് നങ്കൂരമിട്ടു.
നങ്കൂരമിട്ട കപ്പലില് നിന്ന് എസ്.ടി.എസ്, യാര്ഡ് ക്രെയിനുകള് ഉപയോഗിച്ച് ചരക്കിറക്കല് ആരംഭിക്കും. ഒറ്റ ദിവസം കൊണ്ട് ചരക്കിറക്കല് പൂർത്തിയാകും. വലിയ കപ്പലില് നിന്ന് ചെറു കപ്പലിലേക്കുള്ള ചരക്കു കയറ്റല് (ട്രാന്ഷിപ്മെന്റ്) നടത്തുന്നതിനായി രണ്ട് കപ്പലുകള് ഇന്ന് വിഴിഞ്ഞത്തെത്തും. വെള്ളിയാഴ്ച മുഖ്യമന്ത്രിയും കേന്ദ്ര-സംസ്ഥാന മന്ത്രിമാരും നല്കുന്ന ഔദ്യോഗിക സ്വീകരണത്തിന് ശേഷം കപ്പല് കൊളംബോയിലേക്ക് പുറപ്പെടും.


