രാജ്യത്തേക്കുള്ള കുടിയേറ്റം കുറയ്ക്കുന്നതിൻ്റെ ഭാഗമായി കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി യു.കെ. വിദേശത്തുനിന്ന് തൊഴിൽ തേടി യു.കെ.യിലെത്തുന്നവരുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചുവെന്നും കുടിയേറ്റനിയന്ത്രണത്തിന്റെ ഭാഗമായി വിസാ നിയമങ്ങൾ കൂടുതൽ കർശനമാക്കുകയാണെന്നും യു.കെ. പ്രധാനമന്ത്രി ഋഷി സുനക്. വിസാ നിയമങ്ങളിൽ ഏർപ്പെടുത്തുന്ന നിയന്ത്രണങ്ങൾ കുടിയേറ്റതോത് കുറയ്ക്കുമെന്നും അത് രാജ്യത്തിന് ഗുണംചെയ്യുമെന്നും സുനക് അഭിപ്രായപ്പെട്ടു.

പുതുക്കിയ വിസാ നിയമപ്രകാരം, ഗവേഷണാധിഷ്ഠിതമായ ബിരുദാനന്തര കോഴ്സ് പഠിക്കുന്നവരൊഴികെയുള്ള വിദേശവിദ്യാർഥികൾക്ക് ആശ്രിതവിസയിൽ കുടുംബാംഗങ്ങളെ യു.കെ.യിലേക്ക് കൊണ്ടുവരാൻ ഇനിമുതൽ അനുമതി ഇല്ല. സ്കിൽഡ് വിസ ലഭിക്കാനുള്ള ശമ്പളപരിധി 26,200 പൗണ്ടിൽ നിന്ന് 38,700 പൗണ്ടായി ഉയർത്തി. ഫാമിലി വിസയ്ക്ക് അപേക്ഷിക്കാനുള്ള ശമ്പളപരിധിയും വർദ്ധിപ്പിച്ചിട്ടുണ്ട്.
നിയമങ്ങൾ കർശനമാക്കിയാൽ യു.കെ.യിലേക്ക് കുടിയേറ്റം നടത്തുന്നവരിൽ മൂന്നുലക്ഷത്തോളം പേരുടെയെങ്കിലും കുറവ് ഉണ്ടാകുമെന്നാണ് നിഗമനം. 2024 പകുതിയോടെ പുതിയ നിയന്ത്രണങ്ങൾ പ്രാബല്യത്തിൽവന്നേക്കും.

നിയന്ത്രണങ്ങൾ കർശനമാക്കുന്നതോടെ യു.കെയിലേക്ക് കുടിയേറുന്നവർ സ്വയംപ്രാപ്തരാണെന്നും സമ്പദ്ഘടനയ്ക്ക് ഗുണംചെയ്യുന്നവരാണെന്നും രാജ്യത്തിന് ബാധ്യതയാകില്ലെന്നും ഉറപ്പുവരുത്താനാകുമെന്നാണ് യു.കെ. സർക്കാരിന്റെ വാദം.


