പൂക്കോട് വെറ്ററിനറി കോളജ് വിദ്യാർഥി ജെ.എസ്. സിദ്ധാർഥന്റെ മരണത്തിൽ കൊലപാതക സാധ്യത തള്ളാതെ പൊലീസിന്റെ റിമാൻഡ് റിപ്പോർട്ട്. ഹോസ്‌റ്റലിലെ ‘അലിഖിത നിയമ’മനുസരിച്ച് സിദ്ധാർഥനെ പരസ്യ വിചാരണ നടത്തിയെന്നും ക്രൂരമർദനത്തിന് ഇരയാക്കിയെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. പെൺകുട്ടിയുടെ പരാതി ഒത്തുതീർപ്പ് ആക്കാൻ വിളിച്ചുവരുത്തിയ ശേഷമാണ് സിദ്ധാർഥനെ മർദനത്തിന് ഇരയാക്കിയത്. കൊലപാതക സാധ്യതയെപ്പറ്റി അന്വേഷിക്കേണ്ടതുണ്ടെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.

സിദ്ധാർഥനെ കൊലപ്പെടുത്തിയതാണെന്ന് കുടുംബം ആവർത്തിക്കുന്നതിനിടെയാണ് റിമാൻഡ് റിപ്പോർട്ട് പുറത്തുവന്നത്. കഴിഞ്ഞ 16ന് രാത്രി 9 മണി മുതൽ സിദ്ധാർഥനെ മർദനത്തിന് ഇരയാക്കി. അടിവസ്ത്രം മാത്രം ധരിപ്പിച്ച് ബെൽറ്റും കേബിൾ വയറും ഉപയോഗിച്ച് ഇടവേളയില്ലാതെ മർദിച്ചു.
21-ാം നമ്പർ ഹോസ്‌റ്റൽ മുറിയിൽവച്ചും പിന്നീട് ഹോസ്‌റ്റലിൻ്റെ നടുമുറ്റത്തും മർദനം തുടർന്നു. പുലർച്ചെ 2 മണിവരെ പരസ്യ വിചാരണ നടത്തി. ക്രൂരമായ മർദനവും ആൾക്കൂട്ട വിചാരണയും നടത്തി മരണമല്ലാതെ മറ്റൊരു വഴിയില്ലാത്ത അവസ്‌ഥയിലേക്ക് പ്രതികൾ സിദ്ധാർഥനെ എത്തിച്ചെന്നും റിമാർഡ് റിപ്പോർട്ടിൽ പറയുന്നു.

അതിനിടെ, ഡീൻ ഇടയ്ക്കിടെ ഹോസ്‌റ്റലിൽ പരിശോധന നടത്താൻ ഉത്തരവാദിത്തമുള്ളയാളാണെന്ന് വെറ്ററിനറി സർവകലാശാലയിൽ പുതുതായി ചുമതലയേറ്റ വിസി പി.സി. ശശീന്ദ്രൻ ചൂണ്ടിക്കാട്ടി. ഹോസ്‌റ്റലിലെ വിദ്യാർഥികളുമായി മാസം തോറും യോഗം നടത്തണം. ഇക്കാര്യം ചെയ്‌തിട്ടുണ്ടോ എന്നു പരിശോധിക്കും.
സിദ്ധാർഥന് മർദനമേൽക്കുമ്പോൾ പ്രതികരിക്കാതിരുന്ന വിദ്യാർഥികളും കുറ്റക്കാരാണെന്ന് വിസി പറഞ്ഞു. ഡീനിനേയും അസിസ്റ്റന്റ് വാർഡനെയും സസ്പെൻഡ് ചെയ്യാൻ നിർദേശിച്ചതായി മന്ത്രി ജെ.ചിഞ്ചുറാണി അറിയിച്ചു. ഹോസ്‌റ്റലിൽ സിസിടിവി നിരീക്ഷണം ഏർപ്പെടുത്തുമെന്നും മന്ത്രി വ്യക്‌തമാക്കി.



