സംസ്ഥാനത്തിൻ്റെ കടമെടുപ്പ് പരിധി സംബന്ധിച്ച് യുഡിഎഫ് ഉയർത്തിയ വാദങ്ങൾ സുപ്രീംകോടതി ശരിവച്ചിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. കേരളത്തിന്റെ ഹർജി ഭരണഘടനാ ബെഞ്ചിന് വിട്ടത് നേട്ടമല്ല മറിച്ച് തിരിച്ചടിയാണെന്നും സതീശൻ പറഞ്ഞു. സർക്കാർ സുപ്രീംകോടതിയിൽ വടി കൊടുത്തു അടി വാങ്ങുകയായിരുന്നു. സർക്കാരിന്റെ കെടുകാര്യസ്ഥതയാണ് എല്ലാത്തിനും കാരണം എന്ന് കോടതി പറയുന്നു.

54,700 കോടി കേന്ദ്രത്തിൽ നിന്ന് കിട്ടാൻ ഉണ്ട് എന്നത് പച്ചക്കള്ളമാണ്. മുഖ്യമന്ത്രിയും ധനമന്ത്രിയും ഇതു തെളിയിക്കാമോ. കേന്ദ്രം തരാനുണ്ട് എന്ന് പറഞ്ഞ പണത്തെ കുറിച്ച് കേരളം കോടതിയിൽ പറഞ്ഞില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം മുൻ ധനമന്ത്രി തോമസ് ഐസക്കാണ്. നികുതി പിരിവിലെ വീഴ്ചയും കെടുകാര്യസ്ഥതയും ആണ് കാരണം. കേസിൽ കേരളത്തിന് ഒരു നേട്ടവും ഇല്ല. ഇനി കടമെടുക്കാൻ അനുവദിച്ചാൽ എന്താകും കേരളത്തിന്റെ സ്ഥിതി.

ഇന്ത്യയിൽ കുറഞ്ഞ പലിശക്ക് വായ്പ കിട്ടും എന്നിരിക്കെ ഉയർന്ന പലിശക്ക് വിദേശ വായ്പ എടുത്തു. നികുതി പിരിവ് കൃത്യമായി നടക്കുന്നില്ല. കേരളത്തിലെ ജിഎസ്ടി ഉദ്യോഗസ്ഥർ വെറുതെ ഇരിക്കുകയാണ്. നികുതി വെട്ടിപ്പിന്റെ കേന്ദ്രമായി കേരളം മാറിയെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.



