വി ഡി സതീശൻ സർക്കാരിൻറെ ആദ്യ ബജറ്റ് നാളെ അവതരിപ്പിക്കും. സംസ്ഥാനത്തിൻറെ സാമ്പത്തിക ആരോഗ്യം മോശമെന്ന വിലയിരുത്തിയ ധവള പത്രം പുറത്തിറക്കിയതിന് പിന്നാലെ വരുമാന വർധനയ്ക്കുള്ള നടപടികൾ ബജറ്റിൽ പ്രതീക്ഷിക്കുന്നു. ആർ ശങ്കറിനും ഉമ്മൻ ചാണ്ടിക്കും ശേഷം ബജറ്റ് അവതരിപ്പിക്കുന്ന കോൺഗ്രസ് മുഖ്യമന്ത്രിയാണ് വി ഡി സതീശൻ.
വിഭവ സമാഹരണത്തിന് എന്തൊക്കെ നടപടികൾ പ്രഖ്യാപിക്കുമെന്നതാണ് മുഖ്യമന്ത്രി വി ഡി സതീശൻെറ ആദ്യ ബജറ്റിനെ ചുറ്റിപ്പറ്റി ഉയരുന്ന ആകാംക്ഷ. കേന്ദ്ര സഹായത്തിലെ 20000 കോടിയുടെ കുറവാണ് ബജറ്റ് അവതരിപ്പിക്കുന്ന വി.ഡി സതീശന് മുന്നിലുളള പ്രധാന വെല്ലുവിളി. ഇന്ദിരാ ഗ്യാരൻറികൾ നടപ്പിലാക്കുന്നതിനും അധിക വരുമാനം കണ്ടെത്തിയേ തീരു. നികുതി ചോർച്ച തടയാനും നികുതി പിരിവ് ഊർജമാക്കാനുമുളള നടപടികൾ അടങ്ങുന്ന സമഗ്ര ധനമാനേജുമെൻറിലൂടെ വരുമാന വിടവ് പരിഹരിക്കാനായിരിക്കും വി.ഡി സതീശൻ ശ്രമിക്കുക.


