നെയ്യാറ്റിൻകരയിൽ ബൂത്ത് ഓഫിസ് കെട്ടുന്നതിനെ ചൊല്ലിയുള്ള തർക്കം സിപിഎം – സിപിഐ സംഘർഷത്തിൽ കലാശിച്ചു. സിപിഐ ബ്രാഞ്ച് സെക്രട്ടറി സനലിൻ്റെ വീടിനു മുന്നിൽ നിർത്തിയിട്ടിരുന്ന വാഹനം തകർത്തു.

കഴിഞ്ഞ 14ന് ആയിരുന്നു തർക്കത്തിൻ്റെ തുടക്കം. എൽഡിഎഫ് സ്ഥാനാർഥി പന്ന്യൻ രവീന്ദ്രൻ്റെ നെയ്യാറ്റിൻകര ചെമ്പരത്തിയിലെ ബൂത്ത് ഓഫിസ് നിർമാണത്തെച്ചൊല്ലിയായിരുന്നു തർക്കം. തിരഞ്ഞെടുപ്പ് ഓഫിസ് നിർമാണത്തിന് ഷീറ്റ് മതിയെന്നു ഒരു വിഭാഗം, ചൂടായതിനാൽ ഷീറ്റ് വേണ്ടെന്നും ഷാമിയാന മതിയെന്നു മറുവിഭാഗവും.

തുടർന്ന് 22ന് രാത്രി നെയ്യാറ്റിൻകര എംഎൽഎ ആൻസലൻ നേതൃത്വത്തിൽ ഒരു മധ്യസ്ഥ ശ്രമം നടന്നു. ഇതു കഴിഞ്ഞുപോയ സിപിഐ പ്രവർത്തകർ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ മർദിക്കുകയായിരുന്നു. ഇതിൻ്റെ വൈരാഗ്യത്തിലാണ് സനലിന്റെ വീട്ടിൽ കയറി വാഹനം അടിച്ചു തകർത്തത്.

ഇരു വിഭാഗങ്ങൾക്കെതിരെയും നെയ്യാറ്റിൻകര പൊലീസ് കേസെടുത്തു. കേസാവാതെ ഒത്തു തീർപ്പാക്കാൻ നേതാക്കളും രംഗത്തെത്തിയിട്ടുണ്ട്.



