ശ്രീരാമരൻ്റെ അസ്തിത്വം ചോദ്യം ചെയ്യപ്പെട്ട സാഹചര്യത്തിൽ നീതിനൽകിയ ഇന്ത്യൻ ജുഡീഷ്യറിയോട് നന്ദി അറിയിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. അയോധ്യയിലെ രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠ ചടങ്ങിന് ശേഷം അതിഥികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ശ്രീരാമന്റെ അസ്തിത്വത്തെച്ചൊല്ലിയുള്ള നിയമയുദ്ധം പതിറ്റാണ്ടുകളോളം നീണ്ടുനിന്നു. നീതി നടപ്പാക്കിയതിന് ഇന്ത്യയിലെ ജുഡീഷ്യറിയോട് എന്റെ നന്ദി അറിയിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. നിയമം അനുസരിച്ചാണ് രാമക്ഷേത്രം നിർമിച്ചത്’ മോദി പറഞ്ഞു.
രാമക്ഷേത്രം നിർമിക്കാൻ കാലതാമസം വന്നതിൽ രാമൻ നമ്മോട് ക്ഷമിക്കുമെന്ന് ഉറപ്പുണ്ടെന്നും അദ്ദേഹം പറഞ്ഞു.’ഞങ്ങളുടെ സ്നേഹത്തിലും തപസ്സിലും എന്തോ കുറവുണ്ടായതിനാൽ ഞാൻ രാമനോട് മാപ്പ് ചോദിക്കുന്നു, കാരണം ഈ ജോലി (രാമക്ഷേത്ര നിർമ്മാണം) വർഷങ്ങളോളം നടക്കാതെ പോയി. എന്നിരുന്നാലും, ആ വിടവ് ഇന്ന് നികത്തപ്പെട്ടു, ശ്രീരാമൻ നമ്മോട് ക്ഷമിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്’ പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

രാംലല്ല ഇനി ടെൻ്റിൽ താമസിക്കില്ല, അത് ഗംഭീരമായ ക്ഷേത്രത്തിലാകും ഇന്ന് മുതൽ താമസിക്കുക. നൂറ്റാണ്ടുകളുടെ അഭൂതപൂർവമായ ക്ഷമയ്ക്കും എണ്ണമറ്റ ത്യാഗങ്ങൾക്കും തപസ്സിനും ശേഷം നമ്മുടെ ശ്രീരാമൻ വന്നിരിക്കുന്നു. രാമൻ തർക്കമല്ല പരിഹാരമാണ്.
ജനുവരി 22-ലെ സൂര്യോദയം ഒരു അത്ഭുതകരമായ തിളക്കം കൊണ്ടുവന്നു. ജനുവരി 22, 2024, കലണ്ടറിൽ എഴുതിയിരിക്കുന്ന വെറുമൊരു തീയതിയല്ല. അത് ഒരു പുതിയ സമയചക്രത്തിൻ്റെ തുടക്കമാണ്. ആയിരക്കണക്കിന് വർഷങ്ങൾക്ക് ശേഷവും ആളുകൾ ഈ തീയതിയും നിമിഷവും ഓർക്കും. രാമന്റെ പരമമായ അനുഗ്രഹമാണ് നാം അതിന് സാക്ഷ്യം വഹിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.

കഴിഞ്ഞ 11 ദിവസമായി, വിവിധ ഭാഷകളിലും വിവിധ സംസ്ഥാനങ്ങളിലും രാമായണം കേൾക്കാൻ എനിക്ക് അവസരം ലഭിച്ചെന്നും കേരളത്തിലെ തൃപ്രയാർ ക്ഷേത്രത്തിലടക്കം സന്ദർശിച്ച കാര്യവും പ്രധാനമന്ത്രി പ്രംസഗത്തിനിടെ പറഞ്ഞു.
രാഷ്ട്രം ഒരു പുതിയ ചരിത്രം എഴുതുകയാണെന്ന് പറഞ്ഞ പ്രധാനമന്ത്രി മോദി, രാമക്ഷേത്ര നിർമാണം ഇന്ത്യൻ സമൂഹത്തിൻ്റെ പക്വതയുടെ പ്രതിഫലനമാണ്. ഇത് കേവലം വിജയമല്ല, വിനയത്തിൻ്റെ കൂടി അവസരമാണും അദ്ദേഹം അഭിപ്രായപ്പെട്ടു.



