കലാപകലുഷിതമായ മണിപ്പുരിൽനിന്നെത്തിയ ബാലിക സർക്കാർ വിദ്യാലയത്തിൽ പ്രവേശനം നേടി. മണിപ്പൂരിൽ നിന്നു ബന്ധുവിനോടൊപ്പം കേരളത്തിലെത്തിയ ജേ ജെം എന്ന ഹൊം വായ് തൈക്കാട് മോഡൽ ഗവൺമെന്റ് എൽപി സ്കൂളിലാണ് പ്രവേശനം നേടിയത്. ജേ ജെമ്മിനെ സ്കൂളിൽ സന്ദർശിച്ച വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തു.

കവടിയാറിലെ ആദായനികുതി ഓഫിസിൽ ജോലി ചെയ്യുന്ന ബന്ധുവിനൊപ്പമാണ് ജേ ജെം കേരളത്തിൽ എത്തിയത്. അമ്മയുടെ ബന്ധുവാണ് കേരളത്തിൽ ജോലി ചെയ്യുന്നത്. കലാപമുണ്ടായപ്പോൾ ബന്ധു ജേ ജെമ്മിനെ ഒപ്പം കൂട്ടുകയായിരുന്നു. ജേ ജെമ്മിന്റെ വീട് അക്രമികൾ കത്തിച്ചതായാണ് വിവരം. മാതാപിതാക്കളും സഹോദരങ്ങളും ഗ്രാമത്തിൽ നിന്നു പാലായനം ചെയ്തു. ജെ ജെമ്മിന് രണ്ടു സഹോദരങ്ങൾ കൂടിയുണ്ട്. ഒരാൾക്ക് ഒരു വയസിനു താഴെയാണ് പ്രായം. ഇവരെക്കുറിച്ച് ബന്ധുവിനും വിവരമൊന്നുമില്ല.

ഇത്തരം സാഹചര്യത്തിൽ കേരളത്തിലെത്തിയ ജേ ജെമ്മിന് മറ്റു രേഖകൾ ഒന്നും ഹാജരാക്കിയില്ലെങ്കിലും സർക്കാർ സ്കൂളിൽ പ്രവേശനം നൽകാൻ പൊതു വിദ്യാഭ്യാസ വകുപ്പ് തയാറാകുകയായിരുന്നു. ജേ ജെമ്മിനെ മന്ത്രി വി.ശിവൻകുട്ടി സ്കൂളിൽ എത്തി കണ്ടു. ജേ ജെമ്മിന്റെ വിദ്യാഭ്യാസത്തിന് എല്ലാവിധ പിന്തുണയും ഉണ്ടാകുമെന്ന് അദ്ദേഹം അറിയിച്ചു. ജേ ജെം കേരളത്തിന്റെ വളർത്തുമകളാണ്.
സമാധാനത്തോടെ ജീവിച്ചു പഠിക്കാനുള്ള സാമൂഹികാന്തരീക്ഷം കേരളത്തിലുണ്ട്. മണിപ്പൂരിലെ നിലവിലെ സാഹചര്യം ഏറെ ദുഃഖകരമാണ്.
ആക്രമികൾക്കെതിരെ ശക്തമായ നടപടിയെടുക്കാൻ അധികൃതർ തയാറാകണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.



