കേരളാ സ്റ്റോറിയും കശ്മീർ ഫയൽസും പ്രൊപ്പഗാണ്ടയുടെ (പ്രത്യേക ഉദ്ദേശ്യത്തോടു കൂടിയുള്ള പ്രചരണം) ഭാഗമാണെന്ന് ഫാദർ നിധിൻ പനവേലിൽ. കേരളാ സ്റ്റോറിയിൽ ചിത്രീകരിച്ചത് പോലെയല്ലല്ലോ നമ്മുടെ കേരളമെന്നാണ് കുഞ്ഞുങ്ങൾ പോലും തന്നോട് പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. മണിപ്പുർ കലാപവുമായി ബന്ധപ്പെട്ട ഡോക്യുമെൻ്ററി പ്രദർശിപ്പിച്ച സിറോ മലബാർ സഭയുടെ എറണാകുളം-അങ്കമാലി അതിരൂപതയ്ക്ക് കീഴിലുള്ള സാൻജോപുരം സെയിന്റ് ജോസഫ് പള്ളിയിലെ വൈദികനാണ് ഫാദർ നിധിൻ പനവേലിൽ.

ഡോക്യുമെന്ററി പ്രദർശിപ്പിച്ചതിൽ എതിർപ്പുകളൊന്നും ഉയർന്നിട്ടില്ലെന്നും മാധ്യമപ്രവർത്തകരോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. ‘ഇതുവരെ എനിക്ക് എതിർപ്പുകളൊന്നും വന്നിട്ടില്ല. കാരണം, മണിപ്പുരിലെ വിഷയം സഭ ഔദ്യോഗികമായി പറഞ്ഞിട്ടുള്ളതാണല്ലോ. ആ വിഷയം ഞാൻ വീണ്ടും പറയുന്നതിൽ തെറ്റൊന്നുമില്ല. ഇതിൻ്റെ പ്രസക്തി വരുന്നത് ഈ കാലഘട്ടത്തിൻ്റെ പ്രത്യേകത കൊണ്ടാണ്. അത് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്.’ – ഫാദർ നിധിൻ പനവേലിൽ പറഞ്ഞു.

‘ഒരു പ്രൊപ്പഗാണ്ട വീണ്ടും വീണ്ടും പ്രചരിപ്പിക്കപ്പെടുമ്പോൾ അതിന് ബദലായി നമ്മൾ സത്യം വിളിച്ചുപറഞ്ഞുകൊണ്ടേയിരിക്കണം. കാരണം, മണിപ്പുർ മറന്നുകൂടാ ഈ സമയത്ത്. കശ്മീർ ഫയൽസും കേരളാ സ്റ്റോറിയുമൊക്കെ പ്രൊപ്പഗാണ്ടയുടെ ഭാഗമാണെന്ന് നമുക്കെല്ലാവർക്കും അറിയാവുന്ന കാര്യമാണ്. ഞാൻ കുഞ്ഞുങ്ങളോട് സംസാരിക്കുമ്പോൾ അവര് പോലും പറയുന്നത് ‘ഇത് നമ്മുടെ കേരളമല്ലല്ലോ, നമ്മുടെ കേരളം ഇങ്ങനല്ലല്ലോ, ഇതെന്താ ഇങ്ങനൊക്കെ പറയുന്ന’ എന്നാണ്.

കേരളത്തെ പറ്റി അവര് പറയുന്ന കാര്യം തെറ്റാണെന്ന് കുഞ്ഞുങ്ങൾക്ക് പോലും തിരിച്ചറിയാൻ പറ്റുന്നുണ്ടെങ്കിൽ വിദ്യാസമ്പന്നരായ പൊതുസമൂഹത്തിന്, പ്രത്യേകിച്ച് കേരളത്തിലുള്ളവർക്ക് അത് മനസിലാക്കാൻ പറ്റുമെന്നാണ് ഞാൻ കരുതുന്നത്.’ – അദ്ദേഹം വ്യക്തമാക്കി.

‘കേരളാ സ്റ്റോറിയിൽ ചില കണക്കുകൾ നിരത്തിയിരുന്നു. ആ കണക്കുകൾ അവർക്ക് തിരുത്തേണ്ടിവന്നു. കാരണം അതെല്ലാം ഊതിപ്പെരുപ്പിച്ച കണക്കുകളായിരുന്നു. ഉണ്ട് ഉണ്ട് എന്ന് പറയുന്നതിന് പകരം കണക്കുകളുണ്ടെങ്കിൽ അത് ഉറപ്പായും പരിശോധിക്കപ്പെടണം, അത് അന്വേഷിക്കപ്പെടണം, അത് ചെറുക്കപ്പെടണം. പക്ഷേ കണക്കുകൾ ഊതിപ്പെരുപ്പിച്ചതാണെങ്കിൽ അതും ശ്രദ്ധിക്കേണ്ടതാണ്.’ – ഫാദർ നിധിൻ പനവേലിൽ പറഞ്ഞു.



