കേരളത്തിന്റെ സ്വപ്നപദ്ധതിയായ കോഴിക്കോട്-വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന ഇരട്ട തുരങ്കപാതയുടെ നിർമ്മാണ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിച്ചു. ഇന്ത്യയിലെ തന്നെ ഏറ്റവും ദൈർഘ്യമുള്ള മൂന്നാമത്തെ തുരങ്കപാതയായിരിക്കും ഇതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഈ സർക്കാർ നൽകുന്ന വാഗ്ദാനം പാലിക്കപ്പെടുമെന്നതിന് ഉദാഹരണമാണ് വയനാട് തുരങ്കപാത. താമരശ്ശേരി ചുരം വഴിയുള്ള ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരമാകും.വാണിജ്യ വ്യവസായ മേഖലയിൽ വലിയ മുന്നേറ്റം സാധ്യമാകുമെന്നും അദ്ദേഹം പറഞ്ഞു.

പ്രകടനപത്രികയിലെ വാഗ്ദാനമാണ് തുരങ്കപാത. പല വാഗ്ദാനങ്ങളും ജനങ്ങൾ കണ്ടതാണ്. 2016 ശേഷം നൽകിയ വാഗ്ദാനങ്ങൾ നടപ്പാക്കപ്പെടുമെന്ന ശുഭപ്രതീക്ഷ ജനങ്ങൾക്കുണ്ടായെന്നും മുഖ്യമന്ത്രി പറഞ്ഞു. ഒരിക്കലും നടക്കില്ലെന്ന് ആക്ഷേപിച്ച പല പദ്ധതികളും യാഥാർത്ഥമാക്കി. ദേശീയപാത വികസനം, ഇടമൺ കൊച്ചി പവർ ഹൈ വെ, ഗെയ്ൽ പദ്ധതി എന്നിവ ഉദാഹരണമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വയനാട്ടുകാരുടെ കാലങ്ങളായുള്ള ആവശ്യമാണ് ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാതയുടെ നിർമ്മാണത്തോടെ സാഫല്യമാകാൻ പോകുന്നത്.കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി 2,134 കോടി രൂപ ചെലവഴിച്ചാണ് പാത നിർമാണം. മല തുരന്നുള്ള നിർമ്മാണം നാലുവർഷം കൊണ്ട് പൂർത്തിയാകും. എട്ട് കിലോമീറ്ററും 73 മീറ്ററുമാണ് നീളം. വയനാട്ടിലേക്കുള്ള യാത്രാ സമയം ഒന്നര മണിക്കൂർ ആയി കുറയും.


