ഡൽഹി സർവകലാശാല പിഎച്ച്ഡി കോഴ്സുകളുടെ ഫീസ് കുത്തനെ വർധിപ്പിച്ച നടപടിയിൽ വ്യാപക പ്രതിഷേധം. സർവകലാശാല ഇംഗ്ലീഷ് വിഭാഗത്തിൽ പിഎച്ച്ഡി പ്രോഗ്രാം ഫീസ് 1,932 രൂപയിൽ നിന്ന് 23,968 രൂപയായതായി മിറാൻഡ ഹൗസ് ഫിസിക്സ് വിഭാഗം അസി.പ്രൊഫസർ ആഭാ ദേവ് ഹബീബ് ഫേസ്ബുക്കിൽ കുറിച്ചു. ഒറ്റയടിക്ക് 1200 ശതമാനത്തിന്റെ വർധന ദൗർഭാഗ്യകരവും അംഗീകരിക്കാനാവത്തുമാണെന്ന് അവർ വ്യക്തമാക്കി.

മറ്റ് സ്ട്രീമുകളിലെ ഫീസും കുത്തനെ ഉയർത്തിയിട്ടുണ്ടെങ്കിലും പത്തിരട്ടിയിലധികം വർധന ഇംഗ്ലീഷ് വിഭാഗത്തിൽ മാത്രമാണെന്നും അവർ ചൂണ്ടിക്കാട്ടി. ഫീസ് നിരക്കിനെ ഒരു തരത്തിലും ന്യായീകരിക്കാനാവില്ല. സ്കോളർഷിപ്പോ ഇളവുകളോ താങ്ങാവുന്ന ഫീസ് എന്നതിന് പകരമല്ല. തീരുമാനം പിൻവലിക്കണം; ആഭാ ദേവ് ഹബീബ് പറയുന്നു.
ഫീസ് നിരക്ക് വിദ്യാർഥികളിൽ അമിതഭാരമേൽപിക്കുമെന്നും ഉന്നതനിലവാരമുള്ള വിദ്യാഭ്യാസം അപ്രാപ്യമാക്കുമെന്നും വിദ്യാർഥി സംഘടന എസ്.എഫ്.ഐ പ്രതിഷേധക്കുറിപ്പിൽ വ്യക്തമാക്കി. ‘ഫീസ് വർധനയെ ശക്തമായി എതിർക്കുന്നു, ഇത് പൊതുവിദ്യാഭ്യാസത്തിനെതിരായ നഗ്നമായ ആക്രമണമാണ്. ഈ നീക്കം അവസരങ്ങളെ പരിമിതപ്പെടുത്തുകയും വിദ്യാർഥികളുടെയും അവരുടെ കുടുംബങ്ങളുടെയും മേൽ സാമ്പത്തിക സമ്മർദ്ദമുണ്ടാക്കുകയും ചെയ്യുന്നു. വിദ്യാഭ്യാസം അവകാശമാണ്, പ്രിവിലേജല്ല’- എസ്.എഫ്.ഐ അറിയിച്ചു.

ഫീസ് വർധനയെക്കുറിച്ച് ഏറെ വൈകിയാണ് വിദ്യാർഥികളെ അറിയിച്ചതെന്നും ആരോപണമുണ്ട്. ‘പി.എച്ച്ഡി ബുള്ളറ്റിനിൽ പോലും ഫീസ് നിരക്കുണ്ടായിരുന്നില്ല. ഫീസടച്ച് ചേരാനോ അല്ലെങ്കിൽ ഒഴിവാക്കാനോ ആയിരുന്നു നിർദേശം’ അസോസിയേറ്റ് പ്രൊഫസർ വിജയ വെങ്കിട്ടരാമൻ പറഞ്ഞു.


