ഇന്ത്യയിൽ നടക്കുന്ന ഏകദിന ലോകകപ്പിൽ പാക്കിസ്ഥാൻ ടീമിന്റെ പങ്കാളിത്തം ചർച്ച ചെയ്യാൻ പാക്ക് സർക്കാർ ഉന്നതതല സമിതി രൂപീകരിച്ചു. വിദേശകാര്യ മന്ത്രി ബിലാവൽ ഭൂട്ടോയാണ് സമിതി അധ്യക്ഷൻ. ഇന്ത്യ-പാക്ക് നയതന്ത്ര സാഹചര്യവും കായികബന്ധവും വിലയിരുത്തി സമിതി പ്രധാനമന്ത്രി ഷഹബാസ് ഷരീഫിന് റിപ്പോർട്ട് നൽകും.

ടീം കളിക്കുന്ന വേദികളിലെ സുരക്ഷ വിലയിരുത്താൻ ലോകകപ്പിനു മുൻപ് ഇന്ത്യയിലേക്കു സംഘത്തെ അയയ്ക്കുമെന്ന് പാക്കിസ്ഥാൻ അറിയിച്ചിരുന്നു. അതേസമയം ഏഷ്യാ കപ്പിനായി ഇന്ത്യ, പാക്കിസ്ഥാനിലേക്കു ടീമിനെ അയച്ചില്ലെങ്കിൽ ലോകകപ്പിനു പാക്ക് ടീമിനെ ഇന്ത്യയിലേക്കും അയയ്ക്കേണ്ടതില്ലെന്നു പാക്ക് സർക്കാർ നിലപാടെടുത്തതായി സൂചനയുണ്ട്.




