എ.ടി.എമ്മിൽ പണം നിക്ഷേപിക്കാനെത്തിയ യുവാവിനു നേരെ കുരുമുളകുപൊടി സ്പ്രേ ചെയ്ത് കവർച്ച. നാലു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഏഴു ലക്ഷം രൂപയാണ് കവർന്നത്. ഹൈദരാബാദിലെ ഹിമായത്നഗറിലെ പഞ്ചാബ് നാഷണൽ ബാങ്കിന്റെ എ.ടി.എമ്മിലാണ് സംഭവം.

ജൂലൈ മൂന്നിനാണ് കവർച്ച നടന്നത്. എ.ടി.എമ്മിൽ പണം നിക്ഷേപിക്കുന്നതിനിടെ തന്നെ ആക്രമിച്ച് പണം കവർന്നുവെന്ന് യുവാവ് ദൊമാൽഗുഡ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. യുവാവിനു പിന്നാലെ എ.ടി.എമ്മിലെത്തിയ രണ്ടു പേർ പെപ്പർ സ്പ്രേ അടിക്കുന്നതും ആക്രമിക്കുന്നതും സിസിടിവിയിൽ പതിഞ്ഞു. അക്രമികളിൽ ഒരാൾ മാസ്കും മറ്റൊരാൾ ഹെൽമറ്റും ധരിച്ചിരുന്നു. ബലപ്രയോഗത്തിലൂടെ യുവാവിനെ ആക്രമിച്ച് ഇരുവരും പണം തട്ടിയെടുത്ത് ഓടി.

സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് നാലു പേരെ അറസ്റ്റ് ചെയ്തു. ഇവരിൽ നിന്ന് 3.25 ലക്ഷം രൂപ പിടികൂടി. പെപ്പർ സ്പ്രേയും ഇവരിൽ നിന്ന് കണ്ടെടുത്തു. തൻസിഫ് അലി (24), അബ്ദുൽ മുഹീസ് (23), തൻസീഹ് (23), മുഹമ്മദ് സഹദ് (26) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.



