
ഉത്രാടദിന മദ്യവില്പനയിൽ റോക്കോർഡ് അടിച്ചതോടെ കൊല്ലം ആശ്രാമം ബെവ്കോ ഔട്ട്ലെറ്റിന് മുന്നിൽ കേക്ക് മുറിച്ച് ആഘോഷം. ബിവറേജസ് ജീവനക്കാർക്ക് ഉൾപ്പടെ കേക്ക് മുറിച്ച് നൽകിക്കൊണ്ടാണ് ആഘോഷം സംഘടിപ്പിച്ചത്. ഇത്തവണ ഉത്രാടത്തിന് റെക്കോർഡ് മദ്യ വിൽപ്പനയാണ് കൊല്ലത്ത് നടന്നത്.

ഏറ്റവും കൂടുതല് മദ്യം വിറ്റതിന്റെ ക്രെഡിറ്റ് കൊല്ലം ആശ്രാമം ഔട്ട്ലറ്റിനാണ്. ഒരു കോടി ആറു ലക്ഷം രൂപയുടെ മദ്യമാണ് ഇവിടെ വിറ്റത്. രണ്ടാം സ്ഥാനം തിരുവനന്തപുരം പവര്ഹൗസ് റോഡ് ഔട്ട്ലറ്റിനാണ്. ഒരു കോടി രണ്ട് ലക്ഷം രുപയുടെ മദ്യം ഇവിടെ നിന്ന് വിറ്റു. മൂന്നാം സ്ഥാനം ഇരിങ്ങാലക്കുട ഔട്ട്ലറ്റിനാണ്. ഏറ്റവും കുറവ് മദ്യ വില്പന വയനാട് വൈത്തിരി ഔട്ട്ലെറ്റിലാണ്.

ഉത്രാട ദിവസം മാത്രം കേരളത്തിൽ 118 കോടിയുടെ മദ്യ വിൽപ്പന നടന്നെന്നാണ് കണക്ക്. കഴിഞ്ഞ വർഷം ഉത്രാടത്തിന് 85 കോടി രൂപയുടെ മദ്യമായിരുന്നു വിറ്റിരുന്നത്. ഉത്രാടംവരെ ഏഴു ദിവസത്തെ കണക്ക് നോക്കിയാൽ വിലപ്പന 624 കോടിയാണ്. കഴിഞ്ഞ വർഷം ഇതേ കാലയാളവിൽ 529 കോടിയുടെ മദ്യം വിറ്റ സ്ഥാനത്താണിത്.



