അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാദിനത്തിൽ കേന്ദ്ര സർക്കാർ ജീവനക്കാർക്ക് പകുതി ദിവസം അവധി അനുവദിച്ച് കേന്ദ്രം. പരിപാടിയുടെ തത്സമയ സംപ്രേഷണം വീക്ഷിക്കാനാണ് കേന്ദ്ര സർക്കാർ ജീവനക്കാർക്ക് പകുതി ദിവസത്തെ അവധി അനുവദിച്ചിരിക്കുന്നതെന്ന് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് അവധി സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം നടത്തി.
ഇതുസംബന്ധിച്ച് സർക്കാർ നോട്ടിഫിക്കേഷൻ ഇറക്കിയതായി റിപ്പോർട്ടിൽ പറയുന്നു.

രാമക്ഷേത്ര പ്രതിഷ്ഠയ്ക്കായി വിപുലമായ ഒരുക്കങ്ങളാണ് ഉത്തർപ്രദേശിൽ നടക്കുന്നത്. പരിപാടിയുടെ ഒരുക്കങ്ങളെ സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി മന്ത്രിമാരിൽനിന്ന് വിവരങ്ങൾ തേടിയിരുന്നു. രാമക്ഷേത്ര പ്രതിഷ്ഠാദിനം ദീപാവലി പോലെ കൊണ്ടാടണമെന്നാണ് പ്രധാനമന്ത്രി മന്ത്രിമാർക്ക് നിർദേശം നൽകിയിരിക്കുന്നത്.

പാവപ്പെട്ടവർക്ക് ഭക്ഷണം വിതരണം ചെയ്യാനും വീടുകളിൽ വിളക്ക് തെളിയിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. പ്രതിഷ്ഠാദിനത്തിനു പിന്നാലെ തങ്ങളുടെ മണ്ഡലങ്ങളിൽനിന്ന് ജനങ്ങളെ ക്ഷേത്രത്തിലെത്തിക്കാനുള്ള സജ്ജീകരണങ്ങൾ ഒരുക്കാനും മന്ത്രിമാർക്ക് നിർദേശം നൽകിയിട്ടുണ്ട്.


