അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ നിലവിലെ ഭരണസമിതി രാജിവച്ചു. പ്രസിഡന്റ് ശ്വേത മേനോൻ ഉൾപ്പെടെയുള്ളവരാണ് രാജി വച്ചത്. ജനറൽ ബോഡിയിലെ അവിശ്വാസ പ്രമേയവും തുടർന്നുള്ള നാടകീയ നീക്കങ്ങൾക്കുമൊടുവിലാണ് എല്ലാവരും രാജിവച്ചത്. അടുത്ത തിരഞ്ഞെടുപ്പ് എപ്പോൾ വേണമെന്ന് ഉടൻ തീരുമാനിക്കും. അമ്മയുടെ പ്രവർത്തനങ്ങൾക്കായി അഡ്ഹോക് കമ്മിറ്റി ഉടന്‍ രൂപീകരിക്കാനും തീരുമാനമായി.
13 അംഗ ഭരണസമിതിയാണ് രാജിവച്ചിരിക്കുന്നത്. പ്രസിഡന്റ് ശ്വേത മേനോൻ, ഉണ്ണി ശിവപാൽ, അൻസിബ ഹസ്സൻ, ലക്ഷ്മിപ്രിയ, സെക്രട്ടറി കുക്കു പരമേശ്വരൻ എന്നിവരുൾപ്പെടെയാണ് രാജിവച്ച് ഒഴിഞ്ഞിരിക്കുന്നത്. നടിയെ ആക്രമിച്ച സംഭവം, ഹേമ കമ്മിറ്റി റിപ്പോർട്ട് തുടങ്ങിയവയുടെ പശ്ചാത്തലത്തിൽ സ്ത്രീകൾക്കെതിരായ അക്രമങ്ങൾ ചർച്ചയായപ്പോൾ സംഘടനയുടെ താക്കോൽ സ്ഥാനങ്ങളിൽ ആദ്യമായി സ്ത്രീകൾ വരുന്നത് ചരിത്രമെന്ന് വിലയിരുത്തപ്പെട്ടിരുന്നു. എങ്കിലും സംഘടനയ്ക്കുള്ളിലെ പ്രതിസന്ധികളും തർക്കങ്ങളും പരിഹരിക്കാൻ ഭരണസമിതിയ്ക്ക് കഴിയാതെ വരികയായിരുന്നു. ഇതുമൂലമാണ് അധികാരമേറ്റ് ഒരു വർഷം തികയുന്നതിന് മുമ്പ് ശ്വേത മേനോന് ഉൾപ്പെടെ താക്കോൽ സ്ഥാനങ്ങളിൽ നിന്ന് പടിയിറങ്ങേണ്ടി വരുന്നത്.


