പി എം ശ്രീയിൽ കോൺഗ്രസും ലീഗും യുഡിഎഫും വലിയ വിവാദമുയർത്താനാണ് തിരഞ്ഞെടുപ്പിന് മുമ്പ് ശ്രമിച്ചതെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ബിജെപിയുമായി എൽഡിഎഫ് ഡീൽ ഉണ്ടാക്കിയതായിരുന്നു ആരോപണം. കേന്ദ്രസർക്കാർ നയങ്ങൾക്ക് മുന്നിലെ കീഴടങ്ങൽ തുടങ്ങിയ ആരോപണങ്ങൾ യുഡിഎഫ് പ്രചരിപ്പിച്ചു. യുഡിഎഫ് അധികാരത്തിൽ വന്നാൽ പി എം ശ്രീ നടപ്പാക്കില്ലെന്ന് പ്രഖ്യാപിച്ചു. പദ്ധതി അറബിക്കടലിൽ കളയും എന്ന അവകാശവാദവും നേതാക്കൾ ഉറപ്പുകൊടുത്തു.
ഇപ്പോൾ പി എം ശ്രീ പദ്ധതി നടപ്പാക്കാനുള്ള തീരുമാനവുമായി യുഡിഎഫ് മുന്നോട്ടുപോകുന്നു. തെരഞ്ഞെടുപ്പിന് മുമ്പ് ഉയർത്തിയ എതിർപ്പുകളൊക്കെ മാറ്റി, കേന്ദ്ര സർക്കാരിൻറെ മുന്നിൽ അവരുടെ നയങ്ങൾക്ക് മുന്നിൽ കീഴടങ്ങാൻ തീരുമാനിച്ചത് എന്തടിസ്ഥാനത്തിലാണ്. ഇതിന് യുഡിഎഫ് മറുപടി പറയണം. തെറ്റായ വാദമാണ് യുഡിഎഫ് അവതരിപ്പിക്കാൻ ശ്രമിക്കുന്നത്. ധാരണപത്രം ഒപ്പിട്ടതുകൊണ്ട് പദ്ധതിയുമായി മുന്നോട്ട് പോകണം എന്നാണ് ന്യായീകരണമായി പുതിയ സർക്കാർ വക്താക്കൾ പറയുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.


