തദ്ദേശ തിരഞ്ഞെടുപ്പിലെ വമ്പൻ വിജയത്തിന് പിന്നാലെ എഐസിസി നേതൃത്വവുമായി കൂടിക്കാഴ്ച നടത്തി കേരളത്തിലെ കോൺഗ്രസ് നേതാക്കൾ. വിജയത്തിൽ രാഹുൽ ഗാന്ധി അഭിനന്ദനം അറിയിച്ചു. അമിത ആത്മവിശ്വാസം വേണ്ടെന്നും ഒറ്റക്കെട്ടായി മുന്നോട്ടു പോണമെന്നും രാഹുൽ നിർദ്ദേശം നൽകി. കെപിസിസി നേതാക്കളുമായി ദീപ ദാസ് മുൻഷിയും കൂടിക്കാഴ്ച നടത്തി. കേരള ഹൗസിൽ എത്തിയായിരുന്നു കൂടിക്കാഴ്ച. അതേസമയം, തദ്ദേശ തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങാൻ തയാറെടുക്കുകയാണ് യുഡിഎഫ്. സംസ്ഥാനത്ത് നിലനിൽക്കുന്ന സർക്കാർ വിരുദ്ധ തരംഗം പരമാവധി പ്രയോജനപ്പെടുത്താനുള്ള ശ്രമങ്ങൾ യുഡിഎഫ് ആരംഭിക്കും.

നിയമസഭാ തെരഞ്ഞെടുപ്പിന് ഒരുങ്ങുന്ന യുഡിഎഫിന് വലിയ ആത്മവിശ്വാസം പകരുന്നതാണ് തദ്ദേശ തിരഞ്ഞെടുപ്പ് വിധി. അനുകൂല തരംഗം നിലനിർത്താൻ ശ്രമങ്ങൾ ആരംഭിക്കും. കെപിസിസി, യുഡിഎഫ് യോഗങ്ങൾ ഉടൻചേരും. നിയമസഭയിലേക്കുള്ള ചൂണ്ടുപലകയാണ് തദ്ദേശ തെരഞ്ഞെടുപ്പ് വിജയമെന്ന് നേതാക്കൾ ഇതിനോടകം കണക്കുകൂട്ടുന്നു. കൂട്ടായ്മയുടെ വിജയമെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് പറഞ്ഞു. വിജയം നിയമസഭയിലും ആവർത്തിക്കുമെന്ന് കെപിസിസി വർക്കിംഗ് പ്രസിഡന്റ് എ.പി. അനിൽ കുമാറും വ്യക്തമാക്കി. തിരുവനന്തപുരം കോർപ്പറേഷനിലെ ബിജെപിയുടെ വിജയവും എൽഡിഎഫിനെതിരെ ഉപയോഗിക്കാനാണ് യുഡിഎഫ് തീരുമാനം. തിരുവനന്തപുരത്തെ ഇടതുപക്ഷത്തിന്റെ പരാജയത്തിന് കാരണം മുഖ്യമന്ത്രി എന്നായിരുന്നു കെസി വേണുഗോപാലിന്റെ പ്രതികരണം. ലോക്സഭാ തദ്ദേശ തിരഞ്ഞെടുപ്പുകളുടെ മാതൃകയിൽ നിയമസഭാ തിരഞ്ഞെടുപ്പിലും സ്ഥാനാർത്ഥികളെ ആദ്യം പ്രഖ്യാപിക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ നേതൃത്വം ആലോചിക്കും.


