രാഹുലിനെതിരായ പുതിയ പരാതിയിൽ പ്രതികരണവുമായി വടകര എംപി ഷാഫി പറമ്പിൽ. കെപിസിസി ഒരു നിലപാട് എടുത്തിട്ടുണ്ട് . പരാതിയിൽ കോൺഗ്രസ് അല്ല അന്വേഷണം നടത്തുന്നത്. പരാതി വന്ന ഉടൻ പൊലീസിന് കൈമാറി. ഇനി പൊലീസിന്റെ തുടർനടപടികൾ നോക്കി പാർട്ടി നിലപാടെടുക്കും. സിപിഐഎം കൈകാര്യം ചെയ്യുന്ന പോലെ അല്ല നിയമപരമായി തന്നെ കാര്യങ്ങൾ നടക്കട്ടെ. ശബരിമല കൊള്ളയിൽ ജയിലിൽ കിടക്കുന്ന നേതാക്കൾക്ക് എതിരെ സിപിഐഎം എന്ത് നടപടി എടുത്തു. ഒരു കാരണം കാണിക്കൽ നോട്ടീസ് പോലും സിപിഐഎം നൽകിയില്ലെന്നും ഷാഫി പറമ്പിൽ ചോദിച്ചു.

അതേസമയം രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരായ പുതിയ പരാതിയിൽ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ രംഗത്തെത്തി . കെപിസിസി പ്രസിഡൻറ് പരാതി ഉടൻ ഡിജിപിക്ക് കൈമാറി. ഇതിനേക്കാൾ മാതൃകാപരമായി ഒരു പാർട്ടി എങ്ങനെ ചെയ്യുമെന്നായിരുന്നു സതീശൻ്റെ പ്രതികരണം. സിപിഎം പാർട്ടി സെക്രട്ടറിക്ക് മുൻപ് കിട്ടിയ പരാതികൾ പൊലീസിൽ പോലും എത്തിയിട്ടില്ലെന്നും പീഡന പരാതികൾ സിപിഐഎമ്മിനുള്ളിൽ തീർത്ത ചരിത്രമാണുള്ളതെന്നും സതീശൻ വിമർശിച്ചു. കോൺഗ്രസ് തല ഉയർത്തിയാണ് നിൽക്കുന്നത്. ഇങ്ങനെ നിലപാടെടുത്ത ഒരു പാർട്ടി കേരളത്തിൽ ഉണ്ടായിട്ടില്ലെന്നും വിഷയം പാർട്ടി ചർച്ച ചെയ്യുമെന്നും സതീശൻ കൂട്ടിച്ചേർത്തു. രാഹുലിനെ പ്രതിരോധിക്കാൻ കോൺഗ്രസുകാർ ആരും ഇറങ്ങിയിട്ടില്ല. പരാതിയിൽ പൊലീസ് അന്വേഷിച്ച് നടപടി സ്വീകരിക്കട്ടെയെന്നും സതീശൻ പ്രതികരിച്ചു


