ഡൽഹി സീലംപുരിൽ നാലുനില കെട്ടിടം തകർന്നുവീണ് വൻ അപകടം. ഒട്ടേറെപ്പേർ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. നാലുപേരെ രക്ഷപ്പെടുത്തിയതായി അഗ്നിരക്ഷാസേന അറിയിച്ചു.

ശനിയാഴ്ച രാവിലെയാണ് കെട്ടിടം തകർന്നുവീഴുന്നത്. വലിയ ശബ്ദം കേട്ട് നോക്കിയപ്പോൾ തകർന്നുവീണ കെട്ടിടമാണ് കണ്ടതെന്ന് പ്രദേശവാസി പിടിഐയോട് പ്രതികരിച്ചു. തകർന്ന കെട്ടിടത്തിൻ്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. പ്രദേശവാസികൾ കെട്ടിടത്തിൻ്റെ അവശിഷ്ടങ്ങൾ നീക്കി തിരച്ചിൽ നടത്തുന്നതാണ് ദൃശ്യങ്ങളിലുള്ളത്.
പരിക്കേറ്റ നാലുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.



