വിഷ്ണു മഞ്ചുവിനെ നായകനാക്കി മുകേഷ് കുമാർ സിങ് സംവിധാനംചെയ്ത ‘കണ്ണപ്പ’ വെള്ളിയാഴ്ച തീയേറ്ററുകളിൽ എത്തി. ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. മലയാളത്തിൻ്റെ പ്രിയതാരം മോഹൻലാലും ചിത്രത്തിൽ അതിഥിവേഷത്തിലുണ്ട്. ചിത്രത്തെക്കുറിച്ച് സാമൂഹികമാധ്യമങ്ങളിൽ പ്രേക്ഷകർ വിവിധ അഭിപ്രായങ്ങൾ പങ്കുവെക്കുന്നുണ്ട്. ഇതിനിടെ ചിത്രത്തിലെ നായകനും നിർമാതാക്കളിൽ ഒരാളുമായ വിഷ്ണു മഞ്ചുവിനെതിരേ കേസുകൊടുക്കുമെന്ന് പറയുകയാണ് ഒരു പ്രഭാസ് ആരാധകൻ.

വിഷ്ണു മഞ്ചു തെറ്റിദ്ധരിപ്പിച്ചുവെന്നാണ് പ്രഭാസ് ആരാധകൻ്റെ ആരോപണം. പ്രഭാസിന്റെ അമ്മാവൻ കൃഷ്ണം രാജു അഭിനയിച്ച, 1976-ൽ പുറത്തിറങ്ങിയ ‘ഭക്തകണ്ണപ്പ’ പോലൊരു ചിത്രമെന്ന് തെറ്റിദ്ധരിപ്പിച്ചുവെന്നാണ് മഞ്ചുവിനെതിരേ പ്രഭാസ് ആരാധകൻ്റെ ആരോപണം. ചിത്രത്തിൽ ഭക്തിക്കുപകരം വിഷ്ണു മഞ്ചുവിന്റെ ഹീറോയിസമാണുള്ളതെന്നും പ്രഭാസ് ആരാധകൻ കുറ്റപ്പെടുത്തി.
രുദ്ര എന്ന കഥാപാത്രത്തെയാണ് പ്രഭാസ് അവതരിപ്പിച്ചത്.

‘തെറ്റായവിവരം പ്രചരിപ്പിച്ചതിന് ഞാൻ അയാൾക്കെതിരേ കേസുകൊടുക്കും. അയാൾ വാർത്താസമ്മേളനത്തിൽ എന്താണ് പറഞ്ഞത്? ആദ്യപകുതിയിൽ ശിവ എവിടെ? ഞാൻ പ്രഭാസ് ആരാധകനാണ്. ഞാൻ ‘ഭക്തകണ്ണപ്പ’ സിനിമ കണ്ടശേഷമാണ് ഇവിടെ വന്നത്’, പ്രഭാസ് ആരാധകൻ പറയുന്നു.

‘അദ്ദേഹത്തിന്റെ്റെ കുടുംബം നിങ്ങൾക്ക് ചിത്രം നിർമിക്കാൻ അവകാശങ്ങൾ നൽകി. നിങ്ങളുടെ സ്വപ്നചിത്രമായിരിക്കാം, എന്നുകരുതി തോന്നിയപോലെ സിനിമ മാറ്റാൻ കഴിയില്ല. ട്രെയ്ലറിലും പത്രസമ്മേളനത്തിലും വ്യാജവിവരങ്ങളാണ് നൽകിയത്. ‘ഭക്തകണ്ണപ്പ’ പോലെ ഒരു ചിത്രം എന്ന് പ്രചരിപ്പിച്ചിട്ട് എന്തിനാണ് നിങ്ങളുടെ ഹീറോയിസം കാണിക്കുന്നത്? ഭക്തി കാണിക്കൂ. ഞങ്ങൾ പ്രഭാസിന് വേണ്ടിയാണ് വന്നത്. അദ്ദേഹത്തെ രണ്ടാം പകുതിയിൽ 20 മിനിറ്റോളം കണ്ടു. അതുമതി’- ആരാധകൻ കൂട്ടിച്ചേർത്തു.



