ഇന്ത്യ-പാക്ക് നയതന്ത്ര പ്രതിസന്ധി രൂക്ഷമാകുന്നതിനിടെ വീണ്ടും പ്രകോപനവുമായി പാക്ക് പ്രതിരോധമന്ത്രി ഖ്വാജാ ആസിഫ്. സിന്ധുനദീജല കരാർ മരവിപ്പിക്കാനുള്ള നീക്കവുമായി ഇന്ത്യ മുന്നോട്ടുപോയാൽ തിരിച്ചടിക്കുമെന്നും വെള്ളം തടയാനായി നിർമിക്കുന്ന ഡാം അടക്കമുള്ള എന്ത് സംവിധാനവും പാക്കിസ്ഥാൻ സേന തകർക്കുമെന്നുമാണ് ഖ്വാജ ആസിഫിന്റെ പ്രതികരണം. കരാർ മരവിപ്പിച്ചാൽ പാക്കിസ്ഥാന്റെ കാർഷിക ആവശ്യങ്ങൾക്കും ഗാർഹിക ആവശ്യങ്ങൾക്കുമായി ഉപയോഗിക്കുന്ന വെള്ളത്തിന്റെ 80 ശതമാനവും നഷ്ടമാകും.
പഹൽഗാം ഭീകരാക്രമണത്തിനു തൊട്ടുപിന്നാലെ ചേർന്ന സുരക്ഷാസമിതി യോഗത്തിലാണ് സിന്ധുനദീജല കരാർ മരവിപ്പിക്കുന്നതായി ഇന്ത്യ പ്രഖ്യാപിച്ചത്. ജലം നിഷേധിക്കുന്നത് യുദ്ധസമാനമാണെന്ന് പിന്നാലെ പാക്കിസ്ഥാൻ പ്രതികരിച്ചിരുന്നു. കുടിവെള്ളം മുടക്കിയാൽ ഇന്ത്യക്കാരുടെ രക്‌തമായിരിക്കും നദികളിലൂടെ ഒഴുകുക എന്ന പ്രകോപനപരമായ പ്രസ്‌താവനയും പാക്കിസ്ഥാൻ പുറത്തുവിട്ടിരുന്നു. ഇതിനു പിന്നാലെയാണ് പാക്ക് പ്രതിരോധ മന്ത്രിയുടെ ഭീഷണി.
അതേസമയം, ഇത്തരം ആഴമില്ലാത്ത ഭീഷണികൾ പാക്കിസ്‌ഥാൻകാരുടെ പേടിയാണ് വെളിപ്പെടുത്തുന്നതെന്നും പാക്കിസ്ഥാൻ പ്രതിരോധമന്ത്രിക്ക് ഉൾപ്പെടെ ഉറക്കം നഷ്ടപ്പെട്ടിരിക്കുകയാണെന്നും ബിജെപി ദേശീയ വ്യക്താവ് ഷഹ് നവാസ് ഹുസൈൻ പ്രതികരിച്ചു.