റാപ്പർ വേടൻ്റെ (ഹിരൺ ദാസ് മുരളി) മാലയിൽനിന്ന് പുലിയുടെ പല്ലെന്ന് കരുതുന്ന വസ്തു കണ്ടെത്തി. ഇത് തായ്‌ലൻഡിൽനിന്ന് കൊണ്ടുവന്നതാണെന്നാണ് വേടന്റെ മൊഴി. ഫ്ളാറ്റിൽനിന്ന് കഞ്ചാവ് പിടികൂടിയതിന് പിന്നാലെ പോലീസ് നടത്തിയ പരിശോധനയിലാണ് വേടൻ ധരിച്ചിരുന്ന മാലയിൽനിന്ന് പുലിയുടെ പല്ലെന്ന് കരുതുന്ന വസ്തു കണ്ടെത്തിയത്. വേടനെ വനം വകുപ്പ് ഉടൻ കസ്റ്റഡിയിലെടുക്കും. വേടൻ ധരിച്ചിരിക്കുന്നത് പുലിയുടെ പല്ല് ആണെന്ന് സ്ഥിരീകരിച്ചാൽ ജാമ്യമില്ലാ വകുപ്പ് പ്രകാരമായിരിക്കും വനം വകുപ്പ് കേസെടുക്കുക.
പുലിയുടെ പല്ല് തായ്‌ലൻഡിൽനിന്ന് കൊണ്ടുവന്നതാണെന്ന് വേടൻ പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. ഇത്തരത്തിൽ വന്യജീവികളുടെ നഖം, പല്ല് എന്നിവയെല്ലാം സൂക്ഷിക്കുന്നത് നിയമവിരുദ്ധമാണ്. പുലിയുടെ പല്ല് തന്നെയാണോ എന്ന് ഉറപ്പാക്കുന്നതിനായി കോടനാട് നിന്നുള്ള വനംവകുപ്പ് ഉദ്യോഗസ്ഥർ തൃപ്പൂണിത്തുറ ഹിൽപാലസ് സ്റ്റേഷനിലേക്ക് എത്തിയിട്ടുണ്ട്.
ഫ്ളാറ്റിൽ ലഹരി ഉപയോഗിക്കുന്നുണ്ടെന്ന രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് വേടന്റെ കൊച്ചിയിലെ ഫ്ളാറ്റിൽനിന്ന് ആറുഗ്രാം കഞ്ചാവാണ് എറണാകുളം ഹിൽ പാലസ് പോലീസ് പിടികൂടിയത്. കസ്റ്റഡിയിലെടുത്ത വേടൻ കഞ്ചാവ് ഉപയോഗിച്ചതായി പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. ഇതിനിടെയാണ് പുലിയുടെ പല്ല് കൂടി വേടനിൽനിന്ന് കണ്ടെത്തിയിരിക്കുന്നത്.
ഞായറാഴ്ച രാത്രിയാണ് സംഗീതപരിപാടി കഴിഞ്ഞ് വേടനും മ്യൂസിക് ബാൻഡിലെ അംഗങ്ങളായ മറ്റ് ഒമ്പത് അംഗങ്ങളും കൊച്ചിയിലെ ഫ്ളാറ്റിലെത്തിയത്. ഇവർ ലഹരി ഉപയോഗിച്ചനിലയിലായിരുന്നു. ഫ്ളാറ്റിൽ നടത്തിയ പരിശോധനയിലാണ് മുറിയിലെ മേശയിൽനിന്ന് ആറുഗ്രാം കഞ്ചാവ് കണ്ടെടുത്തത്. ഇതിനുപുറമേ 9.5 ലക്ഷം രൂപയും ഒമ്പത് മൊബൈൽഫോണുകളും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പണം സംഗീതപരിപാടിക്ക് ലഭിച്ച വേതനമാണെന്നാണ് വേടൻ്റെ മൊഴി. ഇതുസംബന്ധിച്ചും പോലീസ് വിശദമായ പരിശോധന നടത്തുന്നുണ്ട്.