കർണാടകയിലെ ഷിരൂരിൽ ഗംഗാവലി പുഴയിൽ നിന്നെടുത്ത ലോറിയിൽ നിന്നും കിട്ടിയ മൃതദേഹം കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുന്റേത് തന്നെയെന്ന് സ്ഥിരീകരിച്ചു. ഡിഎൻഎ പരിശോധനയിലൂടെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഡിഎൻഎ ഫലം വന്ന സാഹചര്യത്തിൽ മൃതദേഹം നാട്ടിലേക്ക് എത്തിക്കാനുളള നടപടികൾ ആരംഭിക്കും.

കർണാടക പൊലീസിലെ സിഐ റാങ്കിൽ ഉള്ള ഉദ്യോഗസ്ഥനാണ് അർജുനുമായെത്തുന്ന ആംബുലൻസിന്റെ സുരക്ഷാ ചുമതല നൽകിയിരിക്കുന്നത്. കാർവാർ എംഎൽഎ സതീഷ് സെയിൽ ആംബുലൻസിനെ അനുഗമിക്കും. മൃതദേഹവുമായുള്ള കേരളത്തിലേക്കുള്ള യാത്രക്കായി ആംബുലൻസും മൊബൈൽ ഫ്രീസറും അടക്കമുള്ള എല്ലാ സജ്ജീകരണങ്ങളും തയ്യാറാണ്.


