Monday, May 6, 2024

പത്താം ക്ലാസ് വിദ്യാർഥിയുടെ ആത്മഹത്യ; പൊലീസിനെതിരെ മുഖ്യമന്ത്രിക്കും ഉന്നത പൊലീസ് ഉദ്യോഗസ്‌ഥർക്കും പരാതി നൽകി ബന്ധുക്കൾ

CRIMEപത്താം ക്ലാസ് വിദ്യാർഥിയുടെ ആത്മഹത്യ; പൊലീസിനെതിരെ മുഖ്യമന്ത്രിക്കും ഉന്നത പൊലീസ് ഉദ്യോഗസ്‌ഥർക്കും പരാതി നൽകി ബന്ധുക്കൾ

പത്താം ക്ലാസ് വിദ്യാർഥിയുടെ ആത്മഹത്യയിൽ പൊലീസിനെതിരെ ബന്ധുക്കൾ മുഖ്യമന്ത്രിക്കും ഉന്നത പൊലീസ് ഉദ്യോഗസ്‌ഥർക്കും പരാതി നൽകി. പട്ടണക്കാട് കൊച്ചുതറ ജെയ്‌നാഥൻ്റെ മകൻ നവരംഗിനെയാണ് (15) കഴിഞ്ഞദിവസം വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

ചാവടിയിലെ ട്രസ്‌റ്റിൻ്റെ കീഴിലെ ആംബുലൻസ് നവരംഗും സുഹൃത്തുക്കളും ചേർന്ന് ഡ്രൈവർ അറിയാതെ എടുത്തുകൊണ്ട് പോയിരുന്നു. പിന്നീട് ആംബുലൻസ് തിരികെ കൊണ്ടിടുകയും ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് കേസെടുത്തു. പൊലീസ് ഉദ്യോഗസ്‌ഥർ അന്വേഷിച്ച് വീട്ടിലെത്തുകയും ജയിലിലാക്കുമെന്നു ഭീഷണിപ്പെടുത്തിയതായും നവരംഗിന്റെ ബന്ധുക്കൾ പരാതിയിൽ പറയുന്നു.

പരീക്ഷ കഴിഞ്ഞു സ്‌റ്റേഷനിൽ കുട്ടിയെ എത്തിക്കാമെന്ന് മാതാവ് പൊലീസിനോട് പറഞ്ഞെങ്കിലും പൊലീസ് കൂട്ടാക്കിയില്ലെന്നാണ് ബന്ധുക്കളുടെ ആരോപണം. സ്‌റ്റേഷനിലെത്തിയില്ലെങ്കിൽ അച്‌ഛനെ കസ്‌റ്റഡിയിലെടുക്കുമെന്ന് കുത്തിയതോട് ‌സ്റ്റേഷൻ ഓഫിസർ നവരംഗിൻ്റെ ഫോണിൽ വിളിച്ചുപറഞ്ഞു. ഇതേ തുടർന്നായിരുന്നു ആത്മഹത്യയെന്നാണ് ബന്ധുക്കൾ പറയുന്നത്. ബാലാവാകശ കമ്മിഷനും പരാതി സമർപ്പിച്ചിട്ടുണ്ട്.

എന്നാൽ ചാവടിയിൽ നിന്നു ആംബുലൻസ് എടുത്തു കൊണ്ടുപോകുന്നതിനു മുൻപ് പ്രദേശത്തുനിന്നു സ്‌കൂട്ടർ മോഷണം പോയിരുന്നതായും ഇതുമായി ബന്ധപ്പെട്ട് അന്വേഷണത്തിന്റെ ഭാഗമായി നവരംഗിനോട് സ്‌റ്റേഷനിലെത്താൻ പറയുക മാത്രമാണ് ഉണ്ടായതെന്നും കുത്തിയതോട് പൊലീസ് പറയുന്നു.

ദലിത് ബാലനെ ക്രൂരമായ ആത്മഹത്യയിലേക്ക് തള്ളിവിട്ട പൊലീസ് നടപടി അതിക്രൂരമാണെന്നും ശക്തമായ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്നും കെപിസിസി അംഗം കെ.ആർ.രാജേന്ദ്ര പ്രസാദ്, പട്ടണക്കാട് മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് പി.എം.രാജേന്ദ്ര ബാബു എന്നിവർ പറഞ്ഞു.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്പ്ലൈൻ നമ്പരുകൾ – 1056, 0471- 2552056)

spot_img

Check out our other content

Check out other tags:

Most Popular Articles