നടി ജയാ ബച്ചനെ രാജ്യസഭയിലേക്ക് അഞ്ചാം തവണയും നാമനിർദേശം ചെയ്‌ത് സമാജ് വാദി പാർട്ടി. 2004 മുതൽ ജയ രാജ്യസഭയിൽ അംഗമാണ്.
നാമനിർദ്ദേശപത്രിക സമർപ്പിക്കുന്നതിൻ്റെ ഭാഗമായി ജയ സ്വത്ത് വിവരങ്ങളുടെ രേഖകളും സമർപ്പിച്ചു. ജയയുടെയും ഭർത്താവും നടനുമായ അമിതാഭ് ബച്ചന്റെയും ഉടമസ്ഥതയിലുള്ള വസ്‌തുക്കളുടെ വിവരമാണ് നൽകിയത്.

ജയയുടെയും അമിതാഭിൻ്റെയും ജംഗമ സ്വത്തുക്കൾ ഏതാണ്ട് 849 കോടിയോളം വരും സ്ഥാവര വസ്‌തുക്കളുടെ മൂല്യം 729 കോടിയാണെന്ന് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്തു. ജയയുടെ പേരിൽ ബാങ്കിൽ നിക്ഷേപിച്ചിരിക്കുന്നത് 10 കോടിയാണ്. അമിതാഭിന്റേത് 120 കോടിയോളം വരും. ജയയുടെ പക്കൽ 41 കോടിയോളം മൂല്യമുള്ള ആഭരണങ്ങളുണ്ട്. അമിതാഭിൻ്റേത് 25 കോടിയാണ്.

രണ്ട് ബെൻസും ഒരു റേഞ്ച് റോവറുമടക്കം പതിനേഴോളം വാഹനങ്ങളുണ്ട്. എല്ലാത്തിനും ചേർന്ന് 18 കോടിയോളം വിലവരും.
ഫെബ്രുവരി 27-നാണ് രാജ്യസഭാ തിരഞ്ഞെടുപ്പ്. ഉത്തർപ്രദേശിൽ സമാജ്‌വാദി പാർട്ടി എല്ലാ സ്ഥാനാർഥികളെയും പ്രഖ്യാപിച്ചു കഴിഞ്ഞു.

രാഷ്ട്രീയത്തിരക്കുകൾക്കിടയിലും സിനിമയിൽ അഭിനയിക്കാനും ജയ സമയം കണ്ടെത്താറുണ്ട്. എന്നിരുന്നാലും പലപ്പോഴും വർഷങ്ങളുടെ ഇടവേളയെടുക്കാറുണ്ട്. 2017 ൽ അഭിനയിച്ച ദ ഗ്രേറ്റ് ലീഡർ എന്ന ചിത്രത്തിന് ശേഷം 2023 ലാണ് പിന്നീട് അഭിനയിച്ചത്. രൺവീർ സിംഗ്, ആലിയ ഭട്ട് എന്നിവർ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച റോക്കി ഓർ രാണി കീ പ്രേം കഹാനി എന്ന കരൺ ജോഹർ ചിത്രത്തിലായിരുന്നു വേഷമിട്ടത്.



