ക്രിസ്മസ്, പുതുവർഷ അവധിക്ക് ബെംഗളുരുവിൽ നിന്ന് കേരളത്തിലേക്കുള്ള വിമാനടിക്കറ്റ് നിരക്ക് കുതിച്ചുയരുന്നു. തിരക്ക് കൂടുതലുള്ള 22, 23 തീയതികളിൽ കൊച്ചിയിലേക്ക് നോൺ സ്റ്റോപ്പ് സർവീസുകൾക്ക് 8500- 11500 രൂപ വരെയാണ് നിരക്ക്.

തിരുവനന്തപുരത്തേക്ക് 15500- 18000 രൂപയും കോഴിക്കോട്ടേക്ക് 6000-12500 രൂപയും കണ്ണൂരിലേക്ക് 4500-12500 രൂപയുമാണ് നിരക്ക്.
നിരക്ക് ഇനിയും ഉയരും. ബസ്, ട്രെയിൻ ടിക്കറ്റ് നിരക്ക് വർധനയ്ക്കു പുറമേയാണ് വിമാനടിക്കറ്റ് നിരക്കും രണ്ടിരട്ടി വരെയായി ഉയർന്നത്. പതിവ് ട്രെയിനുകളിലെ ബുക്കിങ് നിർത്തിയെങ്കിലും സ്പെഷൽ ട്രെയിൻ സംബന്ധിച്ച ഒരു നടപടിയും ദക്ഷിണ പശ്ചിമ റെയിൽവേ ആരംഭിച്ചിട്ടില്ല. ഹുബ്ബള്ളിയിൽ നിന്ന് ബെംഗളൂരു വഴി കോട്ടയത്തേക്ക് ആഴ്ചയിൽ 2 ദിവസം ശബരിമല സ്പെഷൽ ട്രെയിൻ പ്രഖ്യാപിച്ചെങ്കിലും ക്രിസ്മസിന് തൊട്ടുമുൻപുള്ള ദിവസം ഇതിലെയും ടിക്കറ്റുകൾ തീർന്നു.
വിഷു ബുക്കിങ് ഇന്ന് ആരംഭിക്കും
അടുത്ത വർഷം ഏപ്രിൽ 15നുള്ള വിഷുവിന് മുന്നോടിയായി ട്രെയിൻ ടിക്കറ്റ് ബുക്കിങ് ഇന്ന് ആരംഭിക്കും. ഏപ്രിൽ 11നുള്ള ബുക്കിങ്ങാണ് ഇന്ന് തുടങ്ങുന്നത്. 10ന് ഈദുൽ ഫിത്ർ (ചെറിയ പെരുന്നാൾ) കൂടി വരുന്നതോടെ ഒരാഴ്ചത്തെ ടിക്കറ്റുകൾ നേരത്തെ തന്നെ വിറ്റഴിയും. ട്രെയിനിൽ 120 ദിവസം മുൻപ് ടിക്കറ്റ് ബുക്കിങ്ങിന് സൗകര്യമുള്ളതിനാൽ മുൻകൂട്ടി യാത്ര ആസൂത്രണം ചെയ്യുന്നവർക്ക് ഉപകാരപ്രദമാണ്. കേരള, കർണാടക ആർടിസി ബസുകളിൽ ഒരു മാസം മുൻപാണ് ടിക്കറ്റ് ബുക്കിങ് ആരംഭിക്കുക.

ഈസ്റ്റർ ടിക്കറ്റുകൾ തീരുന്നു
മാർച്ച് 31നുള്ള ഈസ്റ്ററിനു മുൻപുള്ള ട്രെയിൻ ടിക്കറ്റുകൾ വെയ്റ്റ് ലിസ്റ്റിലേക്ക് നീണ്ടു. 26 മുതൽ 29 വരെയുള്ള ദിവസങ്ങളിലാണ് തിരക്ക്. കെഎസ്ആർ ബെംഗളൂരു -കന്യാകുമാരി, മൈസൂരു – കൊച്ചുവേളി എക്സ്പ്രസ് ട്രെയിനുകളിലെ ടിക്കറ്റുകളാണ് വെയ്റ്റ് ലിസ്റ്റിലേക്ക് നീണ്ടത്. മലബാർ മേഖലയിലേക്കുള്ള യശ്വന്തപുര കണ്ണൂർ എക്സ്പ്രസ്, കെഎസ്ആർ ബെംഗളൂരു-കണ്ണൂർ എക്സ്പ്രസിൽ ടിക്കറ്റുകൾ ബാക്കിയുണ്ട്.
റിപ്പബ്ലിക് അവധിക്കും ടിക്കറ്റില്ല
ജനുവരി 26ലെ റിപ്പബ്ലിക് ദിന അവധി യാത്രയ്ക്കുള്ള ട്രെയിൻ ടിക്കറ്റുകൾ തീർന്നു. ഇത്തവണ റിപ്പബ്ലിക് ദിനം വെള്ളിയാഴ്ചയായതിൽ ശനി, ഞായർ ദിവസങ്ങൾ ഉൾപ്പെടെ തുടർച്ചയായ 3 ദിവസം അവധി ലഭിക്കും. 24, 25 തീയതികളിലാണു തിരക്ക് കൂടുതൽ.


