ഇന്ത്യയിലെ ജനപ്രിയ ക്വിസ് ഷോയായ കോൻ ബനേഗ ക്രോർപതിയിൽ ഒരു കോടി രൂപ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ മത്സരാർത്ഥിയായി 14 കാരൻ ചരിത്രം സൃഷ്‌ടിച്ചു. ഹരിയാനയിലെ മഹേന്ദ്രഗഡിൽ നിന്നുള്ള എട്ടാം ക്ലാസ് വിദ്യാർത്ഥിയായ മായങ്കാണ് ഇത്തവണത്തെ വിജയി. അമിതാഭ് ബച്ചൻ ക്വിസ്റ്റ് മാസ്റ്ററായെത്തുന്ന ഐതിഹാസിക ഷോയുടെ 15-ാം പതിപ്പിൽ 16-ാമത്തെ ചോദ്യത്തിന് ഉത്തരം നൽകിയതോടെയാണ് ഒരു കോടി രൂപയുടെ സമ്മാനം മായങ്കിനെ തേടിയെത്തിയത്.

ഒരു കോടി രൂപ സമ്മാനം നേടുന്നതിനിടെയുള്ള ചോദ്യങ്ങൾക്കിടെ ലൈഫ് ലൈനുകളൊന്നും തന്നെ ഉപയോഗിക്കാതെ മായങ്ക് 3.2 ലക്ഷം രൂപയുടെ സമ്മാനം സ്വന്തമാക്കി. പിന്നീട് 12.5 ലക്ഷം രൂപയുടെ ചോദ്യത്തിനാണ് മായങ്ക് തൻ്റെ ആദ്യ ലൈഫ് ലൈൻ ഉപയോഗിക്കുന്നത്. 15 ചോദ്യങ്ങൾക്കും വളരെ എളുപ്പത്തിൽ ഉത്തരം നൽകാൻ മായങ്കിന് കഴിഞ്ഞു. ഇതോടെ ഒരു കോടി രൂപയുടെ ചോദ്യത്തിലേക്ക് മായങ്കെത്തി. “പുതിയതായി കണ്ടെത്തിയ ഭൂഖണ്ഡത്തിന് അമേരിക്ക എന്ന് പേരിട്ടിരിക്കുന്ന ഭൂപടം സൃഷ്‌ടിച്ചതിൻ്റെ ബഹുമതി ഏത് യൂറോപ്യൻ കാർട്ടോഗ്രാഫറാണ്?” എന്ന ചോദ്യമായിരുന്നു ഒരു കോടി രൂപ വിലയുള്ള ചോദ്യം. എബ്രഹാം ഒർട്ടേലിയസ്, ജെറാഡസ് മെർകാറ്റർ, ജിയോവാനി ബാറ്റിസ്റ്റ ആഗ്നീസ്, മാർട്ടിൻ വാൾഡ്‌സിമുള്ളർ. എന്നിങ്ങനെ നാല് പേരുകളായിരുന്നു ഉണ്ടായിരുന്നത്.

ആശങ്കയൊന്നുമില്ലാതെ മായങ്ക് മാർട്ടിൻ വാൾഡ്‌സീമുള്ളറിൻ്റെ പേര് പറഞ്ഞു. ഇതോടെ സമ്മാനമായ ഒരു കോടി രൂപ മായങ്കിനെ തേടിയെത്തി. ഏറ്റവും ഒടുവിലായി ഏഴ് കോടി രൂപയ്ക്കുള്ള ചോദ്യത്തിനും മായങ്ക് ശ്രമം നടത്തി. എന്നാൽ, ഉത്തരം കണ്ടെത്താൻ മായങ്കിന് കഴിയാത്തതിനാൽ 14 കാരൻ മത്സരം ഉപേക്ഷിച്ചു. ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ, മായങ്കിനെ അഭിനന്ദിച്ച് ട്വിറ്ററിൽ (x) കുറിപ്പെഴുതി. മാതാപിതാക്കളും ആതിഥേയനായ അമിതാഭ് ബച്ചനും നൽകിയ പിന്തുണയ്ക്ക് മായങ്ക് നന്ദി പറഞ്ഞു. മാതാപിതാക്കളുടെ മാർഗ്ഗ നിർദ്ദേശങ്ങളാണ് തനിക്ക് വിജയം നേടിതന്നതെന്നും മായങ്ക് കൂട്ടിച്ചേർത്തു.


