ചാന്ദ്രയാൻ-3യുടെ വിജയകരമായ ലാൻഡിങ്ങിന് ശേഷം സൗരപഠനത്തിനുള്ള ആദിത്യ-എൽ1 വിക്ഷേപണത്തിനുള്ള അവസാന നിമിഷ തയാറെടുപ്പുകൾ പുരോഗമിക്കവെ ക്ഷേത്ര ദർശനം നടത്തി ഐഎസ്ആർഒ ശാസ്ത്രജ്ഞർ. ആന്ധ്രാപ്രദേശിലെ തിരുമല തിരുപ്പതി ശ്രീ വെങ്കിടേശ്വര ക്ഷേത്രം, തിരുപ്പതി ശ്രീ ചെങ്കളമ്മ പരമേശ്വരി ക്ഷേത്രം എന്നിവിടങ്ങളിലാണ് ഐഎസ്ആർഒ ചെയർമാൻ അടക്കമുള്ളവർ പ്രാർഥനയ്ക്കെത്തിയത്.

ആദിത്യ-എൽ1 ദൗത്യത്തിന്റെ വിജയത്തിനായായിരുന്നു പ്രാർഥന. പേടകത്തിന്റെ ചെറിയ മാതൃകയും ഐഎസ്ആർഒ ശാസ്ത്രജ്ഞരുടെ കൈയിലുണ്ടായിരുന്നു. ഒരു സംഘം ശാസ്ത്രജ്ഞർ തിരുമല തിരുപ്പതി ശ്രീ വെങ്കിടേശ്വര ക്ഷേത്രത്തിൽ പ്രാർഥന നടത്തിയപ്പോൾ ഐഎസ്ആർഒ മേധാവി എസ് സോമനാഥ് ശ്രീ ചെങ്കളമ്മ പരമേശ്വരി ക്ഷേത്രത്തിലെത്തിയാണ് പ്രാർഥന നിർവഹിച്ചത്.
‘ആദിത്യ എൽ1ന്റെ കൗണ്ട്ഡൗൺ ഇന്ന് ആരംഭിക്കും. ശനിയാഴ്ച രാവിലെ 11.50ഓടെയാണ് വിക്ഷേപണം. എൽ1 പോയിന്റിലെത്താൻ ഇനിയും 125 ദിവസമെടുക്കും. വിക്ഷേപണത്തിനുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായിട്ടുണ്ട്’ ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥ് അറിയിച്ചു.
പിഎസ്എൽവി-സി 57 റോക്കറ്റിൽ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽ നിന്നാണ് ആദിത്യ എൽ വിക്ഷേപണം. സൂര്യനെ പഠിക്കുക എന്ന ലക്ഷ്യത്തോടെയുള്ളതാണ് ഈ ദൗത്യം. സൂര്യനിലെ കൊറോണയെ വിദൂരതയിൽ നിന്ന് നിരീക്ഷിക്കുന്നതിനുള്ളതാണ് ആദിത്യ-എൽ1 പേടകം.

ഭൂമിയിൽ നിന്ന് ഒന്നര ദശലക്ഷം കിലോമീറ്റർ അകലെയുള്ള എൽ1ലെ സൗരക്കൊടുങ്കാറ്റുകളെ നിരീക്ഷിക്കുന്നതിനും ഇവ സഹായിക്കും. സൂര്യ-ഭൗമ വ്യവസ്ഥയുടെ ലാഗ് റേഞ്ചിയൻ പോയിന്റായി അറിയപ്പെടുന്ന എൽ1ലെ ഹാലോ ഭ്രമണപഥത്തിലേക്കാണ് ഈ പേടകം വിക്ഷേപിച്ച് എത്തുക.


