ബ്രിട്ടീഷ് ചരിത്രത്തിലെ ഏറ്റവും ക്രൂരയായ സീരിയൽ കില്ലറായി മാറിയിരിക്കുകയാണ് ലൂസി ലെറ്റ്ബി എന്ന ബ്രിട്ടീഷ് നഴ്സ്. ബ്രിട്ടീഷ് ഹോസ്പിറ്റലിൽ ജോലി ചെയ്ത കാലയളവിൽ നിരവധി പിഞ്ചുകുഞ്ഞുങ്ങളെയാണ് ഇവർ കൊലപ്പെടുത്തിയത്. കൗണ്ടസ് ഓഫ് ചെസ്റ്റർ ഹോസ്പിറ്റലിൽ ജോലി ചെയ്തിരുന്ന കാലത്താണ് ഇവർ ഈ ക്രൂരകൃത്യങ്ങൾ ചെയ്തത്. നവജാത ശിശുക്കളായ അഞ്ച് ആൺകുട്ടികളെയും രണ്ട് പെൺകുട്ടികളെയുമാണ് ഇവർ കൊന്നൊടുക്കിയത്. 2015-16 കാലയളവിലാണ് സംഭവം നടന്നത്.
ആരോഗ്യപ്രശ്നങ്ങൾ കാരണം നിയോനാറ്റോളജി വിഭാഗത്തിൽ പ്രവേശിപ്പിച്ച കുഞ്ഞുങ്ങളെയാണ് ഇവർ തന്റെ ക്രൂരതയ്ക്കിരയാക്കിയത്. മറ്റ് നഴ്സുമാരും കുഞ്ഞുങ്ങളുടെ മാതാപിതാക്കളും നഴ്സിംഗ് റൂമിൽ നിന്ന് മാറുന്ന സമയത്താണ് ഇവർ കുഞ്ഞുങ്ങളെ ആക്രമിച്ചത്. 2017ൽ യുകെ പോലീസ് കേസ് അന്വേഷണം ആരംഭിക്കുകയും തുടർന്ന് 2018ൽ ലൂസി ലെറ്റ്ബിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു. അമിതമായി പാലുകുടിപ്പിച്ചും ഇൻസുലിൻ കുത്തിവെച്ചും വായു കുത്തിവെച്ചുമാണ് ഇവർ കുഞ്ഞുങ്ങളെ കൊന്നത്.

അതേസമയം ആജീവാനന്ത തടവാണ് ഇവർക്ക് വിധിച്ചിരിക്കുന്നത്. ബ്രിട്ടണിൽ ജീവപര്യന്തം തടവുശിക്ഷ ലഭിക്കുന്ന മൂന്നാമത്തെ വനിതയായി ലൂസി ലെറ്റ്ബി മാറുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
എന്നാൽ കൂടുതൽ കുഞ്ഞുങ്ങളെ ഇവർ കൊന്നിട്ടുണ്ടോ എന്ന കാര്യത്തെപ്പറ്റിയും പോലീസ് വിശദമായി അന്വേഷിച്ച് വരികയാണ്. ആറ് വർഷത്തോളമാണ് ഇവർ കുഞ്ഞുങ്ങളുടെ നഴ്സായി ജോലി ചെയ്തത്.
എങ്ങനെയാണ് കുഞ്ഞുങ്ങളെ കൊന്നത്?
2010-16 കാലയളവിൽ ലൂസി ലെറ്റ്ബി ജോലി ചെയ്തിരുന്ന രണ്ട് ആശുപത്രികളിൽ ജനിച്ച 4000ലധികം കുഞ്ഞുങ്ങളുടെ രേഖകൾ പരിശോധിക്കാൻ പോലീസ് വിദഗ്ധർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
അതേസമയം ലൂസി തന്റെ കുഞ്ഞിനെ ആക്രമിക്കാൻ ശ്രമിച്ച കാര്യം വെളിപ്പെടുത്തി ഒരു അമ്മ രംഗത്തെത്തിയിരുന്നു. ലൂസിയുടെ ഒരു മോശം സംസാരത്തെപ്പറ്റി പരാതി നൽകിയതിനെത്തുടർന്നാണ് അവർ തന്റെ കുഞ്ഞിനെ ആക്രമിക്കാൻ ശ്രമിച്ചത് എന്നായിരുന്നു ഇവർ പറഞ്ഞത്.
ലൂസിയോടൊപ്പം ജോലി ചെയ്തിരുന്ന ലിസി ആർട്ടേൽ എന്ന നഴ്സാണ് ഇവരെപ്പറ്റി വെളിപ്പെടുത്തലുകൾ നടത്തിയത്. തന്റെ മകനെപ്പറ്റി ലൂസി പറഞ്ഞ ചില കാര്യങ്ങളാണ് ലിസി വെളിപ്പെടുത്തിയത്.
” മാതാപിതാക്കൾ മക്കളിൽ ഒരുപാട് പ്രതീക്ഷകൾ അർപ്പിക്കും. അതെനിക്ക് ഇഷ്ടമല്ല. എന്താണ് അടുത്ത നിമിഷം സംഭവിക്കുക എന്ന് നമുക്കാർക്കും അറിയില്ല, എന്നായിരുന്നു ലൂസി പറഞ്ഞത്.
തൊട്ടടുത്ത ദിവസം മകന്റെ ആരോഗ്യനില വഷളായി. കുട്ടിയുടെ ശരീരത്തിൽ ഇൻസുലിന്റെ അളവ് വർധിച്ചതായി കണ്ടെത്തിയിരുന്നു.തന്റെ ജോലി തന്നെ ആയുധമാക്കി കുഞ്ഞുങ്ങളെ ആക്രമിക്കുന്ന രീതിയാണ് ലൂസി പിന്തുടർന്നത് എന്ന് സീനിയർ പ്രോസിക്യൂട്ടറായ പാസ്കൽ ജോൺസ് പറഞ്ഞു.

ലൂസി ലെറ്റ്ബി നവജാതശിശുക്കളിൽ വായു കുത്തിവെച്ചിരുന്നു. കുഞ്ഞുങ്ങളുടെ ഡയഫ്രം തകരാറിലാകാൻ ഇത് കാരണമായെന്നും റിപ്പോർട്ടിൽ പറയുന്നു. കൂടാതെ കുഞ്ഞിന്റെ തൊണ്ടയിലേക്ക് ട്യൂബുകൾ ഇറക്കിയും ഇവർ കൊലനടത്തിയിരുന്നു. ഇൻസുലിൻ അമിത അളവിൽ കുഞ്ഞുങ്ങളിൽ കുത്തിവെച്ചും കൊല്ലാൻ ശ്രമിച്ചു.
പതിനഞ്ച് ആഴ്ച നേരത്തെ ജനിച്ച ഒരു പെൺകുഞ്ഞിനെയും ലൂസി കൊല്ലാൻ ശ്രമിച്ചിരുന്നു. 5 ശതമാനം അതിജീവന സാധ്യതയുണ്ടെന്ന് ഡോക്ടർമാർ വിലയിരുത്തിയ കുഞ്ഞായിരുന്നു ഇത്. രണ്ട് തവണയാണ് ഈ കുഞ്ഞിനെ കൊല്ലാൻ ലെറ്റ്ബി ശ്രമിച്ചത്. കുഞ്ഞ് ജനിച്ച് നൂറ് ദിവസം പൂർത്തിയാക്കിയ സമയത്ത് കുഞ്ഞിന്റെ മാതാപിതാക്കൾ കേക്കുമായെത്തി ആഘോഷിച്ചിരുന്നു. ഇത് കഴിഞ്ഞ് മണിക്കൂറുകൾക്കുള്ളിലാണ് ലൂസി ലെറ്റ്ബി കുഞ്ഞിനെ കൊല്ലാനുള്ള തന്റെ ആദ്യശ്രമം നടത്തിയത്. രണ്ടാഴ്ചയ്ക്ക് ശേഷം വീണ്ടും ഇവർ കുഞ്ഞിനെ കൊല്ലാൻ നോക്കി.
2016 ജൂണിൽ നിയോനാറ്റൽ യൂണിറ്റിലെ മൂന്ന് ഇരട്ട സഹോദരന്മാരിൽ രണ്ട് പേർ മരിച്ചതിനെത്തുടർന്ന് ആശുപത്രി അധികൃതർ ലൂസിയെ നിയോനേറ്റൽ കെയറിൽ നിന്ന് നീക്കിയിരുന്നു. ക്ലറിക്കൽ വിഭാഗത്തിലേക്കാണ് ഇവരെ മാറ്റിയത്.
അതേസമയം 7 കുഞ്ഞുങ്ങളെ കൊന്ന കേസിലാണ് ലൂസി ഇപ്പോൾ വിചാരണ നേരിട്ടത്. ഈ കൊലപാതകങ്ങളിൽ ഇവർ കുറ്റക്കാരിയാണെന്ന് കോടതി കണ്ടെത്തുകയും ചെയ്തു. 7 കുഞ്ഞുങ്ങളെ കൊല്ലാൻ ശ്രമിച്ച കേസിലും ഇവർ കുറ്റക്കാരിയാണ്.
എന്തിനാണ് പിഞ്ചുകുഞ്ഞുങ്ങളെ കൊന്നത്?
നഴ്സിംഗ് ഡ്യൂട്ടികളിൽ നിന്ന് നീക്കം ചെയ്ത ലൂസി പിന്നീട് ക്ലറിക്കൽ ജോലികളിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. കൊല നടത്തി ഏകദേശം രണ്ട് വർഷത്തിന് ശേഷമാണ് ഇവരെ പോലീസ് അറസ്റ്റ് ചെയ്തത്. 2018 ജൂലെയായിരുന്നു ലൂസിയെ അറസ്റ്റ് ചെയ്തത്. മണിക്കൂറുകളോളമാണ് പോലീസ് ലൂസിയെ ചോദ്യം ചെയ്തത്. എന്നാൽ എല്ലാ ആരോപണങ്ങളും നിഷേധിക്കുന്ന നിലപാടാണ് അന്ന് ലൂസി സ്വീകരിച്ചത്.
അതേസമയം ശിശുമരണങ്ങൾ അപ്രതീക്ഷിതവും നിർഭാഗ്യകരമാണെന്നും പറഞ്ഞ് മറ്റുള്ളവരെ വിശ്വസിപ്പിക്കാൻ ലൂസി ശ്രമിച്ചിരുന്നതായി പ്രോസിക്യൂഷൻ വിചാരണ വേളയിൽ പറഞ്ഞിരുന്നു.ലൂസി ജോലിയ്ക്ക് കയറിയ സമയത്താണ് എല്ലാ കുഞ്ഞുങ്ങളും ആക്രമിക്കപ്പെട്ടത്. മാതാപിതാക്കൾ കുഞ്ഞിന്റെയടുത്ത് നിന്ന് മാറുന്ന സമയങ്ങളിലാണ് ഇവർ കൊലപാതകം നടത്തിയിരുന്നതെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.
കൂടാതെ തന്റെ ക്രൂരതയ്ക്കിരയായ കുഞ്ഞുങ്ങളുടെ കുടുംബങ്ങളുടെ കാര്യത്തിൽ ലൂസി വലിയ താൽപ്പര്യം കാണിച്ചിരുന്നു. ലൂസി അവരെപ്പറ്റി സോഷ്യൽ മീഡിയയിൽ തെരയുകയും ചെയ്തിരുന്നു.ലൂസിയുടെ വീട്ടിൽ നിന്നും ലഭിച്ച ചില കുറിപ്പുകളാണ് അന്വേഷണത്തിൽ വഴിത്തിരിവായതെന്നാണ് പോലീസ് വൃത്തങ്ങൾ പറയുന്നു.
ഞാനൊരു ദുഷ്ടയാണ്. ഞാനാണ് ഇതൊക്കെ ചെയ്തത്,” എന്നായിരുന്നു ആ കുറിപ്പിലെഴുതിയിരുന്നത്.
ജീവിക്കാൻ എനിക്ക് അർഹതയില്ല. കുഞ്ഞുങ്ങളെ നോക്കാൻ എനിക്കാവില്ല. അതുകൊണ്ടാണ് അവരെ ഇല്ലാതാക്കിയത്,” എന്നായിരുന്നു മറ്റൊരു കുറിപ്പിലെഴുതിയിരുന്നത്.
അതേസമയം താൻ കുഞ്ഞുങ്ങളെ ആക്രമിച്ചിട്ടില്ലെന്ന് ലൂസി ആവർത്തിച്ച് പറഞ്ഞു. എന്തായിരുന്നു കൊലപാതകത്തിന് ഇവരെ പ്രേരിപ്പിച്ചതെന്ന കാര്യം അവ്യക്തമാണ്.
2020 നവംബറിൽ എട്ട് കൊലപാതകങ്ങളും 10 കൊലപാതക ശ്രമങ്ങളും ഇവർക്കെതിരെ ചുമത്തിയിരുന്നു. കുഞ്ഞുങ്ങളെ കൊല്ലുന്നതിലൂടെ താൻ ദൈവമാണെന്ന് സ്വയം വിശ്വസിക്കുന്നതിൽ ലൂസി ആനന്ദം കണ്ടെത്തിയിരുനെന്ന് പ്രോസിക്യൂട്ടർ നിക്ക് ജോൺസൺ കെസി പറഞ്ഞു. കുഞ്ഞുങ്ങളുടെ മരണവിവരം തന്റെ സഹപ്രവർത്തകരെ ആദ്യം അറിയിക്കുന്നതും ലൂസി തന്നെയായിരുന്നെന്നും ഇദ്ദേഹം പറഞ്ഞു.
‘ എന്താണ് സംഭവിക്കാൻ പോകുന്നതെന്ന് ലൂസിയ്ക്ക് നേരത്തെ അറിയാമായിരുന്നു. എല്ലാം തന്റെ നിയന്ത്രണത്തിലാക്കാനാണ് അവർ ശ്രമിച്ചത്. ഇതെല്ലാം അവർ ആസ്വദിക്കുകയായിരുന്നു. ദൈവമാണെന്ന് സ്വയം കരുതി,” ജോൺസൺ കോടതിയിൽ പറഞ്ഞു.


