മധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിലെ ബി.ജെ.പി പ്രചാരണ പരിപാടികളുടെ പൂർണ നിയന്ത്രണം ഏറ്റെടുത്ത് പാർട്ടി കേന്ദ്രനേതൃത്വം. സംസ്ഥാനത്ത് ഭരണം നിലനിർത്താനുള്ള നീക്കത്തിന്റെ ഭാഗമായി അയൽസംസ്ഥാനങ്ങളിൽ നിന്ന് നിയമസഭാംഗങ്ങളെ വിന്യസിക്കാനുള്ള തീരുമാനത്തിലാണ് നേതൃത്വം.
അയൽ സംസ്ഥാനങ്ങളായ ഉത്തർപ്രദേശ്, ഗുജറാത്ത്, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ നിന്നും ബിഹാറിൽ നിന്നും 230 നിയമസഭാംഗങ്ങൾ ശനിയാഴ്ച ഭോപ്പാലിലെത്തി. പാർട്ടി ഏൽപ്പിക്കുന്ന ചുമതല നിർവഹിക്കാൻ ഓരോ അം ഗത്തെയും ഓരോ മണ്ഡലങ്ങളിൽ വിന്യസിക്കും. അടുത്ത ആഴ്ച അംഗങ്ങൾ കേന്ദ്ര നേതൃത്വം ഏൽപ്പിച്ച ചുമതലകൾ നിർവഹിക്കുന്നതിനായി അതാത് മണ്ഡലങ്ങളിലേക്ക് ഇവർ നീങ്ങും.

പ്രാദേശിക പാർട്ടി പ്രവർത്തകരുമായും ജനങ്ങളുമായും എംഎൽഎമാർ കൂടിക്കാഴ്ച നടത്തും. ഇതിന് പുറമെ പ്രദേശത്ത് സ്വാധീനമുള്ള വ്യക്തികളെയും സംഘം സന്ദർശിക്കും. തുടർന്ന് മണ്ഡലത്തിലെ സ്ഥിതിഗതികൾ വിലയിരുത്തിയതിന് ശേഷം വിശദമായ റിപ്പോർട്ട് കാർഡ് ഇവർ നേതൃത്വത്തിന് സമർപ്പിക്കും. ഇവരിൽ നിന്നും ലഭിക്കുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പാർട്ടി അടുത്ത ഘട്ടം നടപടികൾ ആസൂത്രണം ചെയ്യാനാണ് നീക്കം.
മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ സർക്കാരിനെതിരെ സംസ്ഥാനത്ത് നിലനിൽക്കുന്ന ഭരണവിരുദ്ധ വികാരവും പാർട്ടിയിലെ ആഭ്യന്തര തർക്കങ്ങളും തിരിച്ചറിഞ്ഞതിന് പിന്നാലെയാണ് കേന്ദ്ര നേതൃത്വത്തിൽ നിന്നും ഇത്തരമൊരു നീക്കമുണ്ടായതെന്നാണ് റിപ്പോർട്ടുകൾ.

2018 നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് 114 സീറ്റ് നേടിയപ്പോൾ 109 സീറ്റുകൾ മാത്രമായിരുന്നു ബി.ജെ.പിക്ക് നേടാനായിരുന്നത്. കമൽനാഥിന്റെ നേതൃത്വത്തിൽ അന്ന് കോൺഗ്രസ് സർക്കാർ രൂപീകരിച്ചിരുന്നു. എന്നാൽ പിന്നാലെയുണ്ടായ രാഷ്ട്രീയ പ്രതിസന്ധിയുടെ ഭാഗമായി ജ്യോതിരാദിത്യ സിന്ധ്യയുൾപ്പെടെയുള്ള നേതാക്കൾ മറുകണ്ടം ചാടിയതോടെയാണ് അധികാരം ബി.ജെ.പിയിലേക്ക് എത്തുന്നത്.


