നടൻ വിജയകുമാർ വീട്ടിൽ അതിക്രമിച്ചു കയറി ഭീഷണിപ്പെടുത്തിയെന്ന മകളും നടിയുമായ അർഥന ബിനുവിന്റെ ആരോപണങ്ങൾക്ക് മറുപടിയുമായി നടൻ. മകളോട് ഉപരിപഠനത്തെക്കുറിച്ചു ചോദിക്കാനും പണം കിട്ടിയോ എന്ന് അന്വേഷിക്കാനാണ് വീട്ടിൽ എത്തിയതെന്നാണ് സംഭവത്തിനെ പറ്റി നടൻ വ്യക്തമാക്കിയത്. മകളുടെ അറിവില്ലായ്മ കൊണ്ടാണ് അച്ഛനായ തന്നെ അപമാനിക്കാൻ വിഡിയോ ചിത്രീകരിച്ച് സമൂഹ മാധ്യങ്ങളിൽ പോസ്റ്റ് ചെയ്തതെന്നും വിജയകുമാർ മനോരമ ഓൺലൈനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

ഇളയമകളായ മീഗൽ പ്ലസ് ടു പാസായത് അറിഞ്ഞ് അവളുടെ ഉപരിപഠനത്തിനായി പണം അയച്ചതിനു ശേഷം ഫോൺ ചെയ്തിട്ട് ഭാര്യ ഫോൺ എടുത്തില്ല എന്ന് വിജയകുമാർ പറയുന്നു. മകളോട് ഉപരിപഠനത്തെക്കുറിച്ചു ചോദിക്കാനും പണം കിട്ടിയോ എന്ന് അന്വേഷിക്കാനുമാണ് ഭാര്യയും മക്കളും താമസിക്കുന്ന വീട്ടിൽ എത്തിയതെന്ന് വിജയകുമാർ പറഞ്ഞു. ഇളയ മകൾ ഗേറ്റ് തുറന്നു തന്നിട്ടാണ് അകത്തു കയറിയത്. പക്ഷേ വാതിൽ തുറക്കാത്തതു കാരണം ജനാല വഴിയാണ് മകളോടു സംസാരിച്ചത്. ഇതിനിടെ അർഥന കടന്നു വന്നതു കണ്ടപ്പോൾ അതിശയിച്ചു പോയെന്ന് വിജയകുമാർ പറയുന്നു. മകൾ കാനഡയിൽ പഠിക്കാൻ പോയി എന്നാണ് ഭാര്യ വിജയകുമാറിനെ ധരിപ്പിച്ചിരുന്നത്. മകൾ സിനിമയിൽ അഭിനയിക്കുന്നതിനോട് എതിർപ്പില്ല, പക്ഷേ അഭിനയിക്കാൻ പോകുന്നതിനു മുൻപ് തന്നോട് ചോദിച്ചാൽ ശരിതെറ്റുകൾ മനസ്സിലാക്കിക്കൊടുക്കാൻ കഴിയും എന്നേ പറയാറുള്ളൂവെന്നും നടൻ വ്യക്തമാക്കി.

മകളുടെ അറിവില്ലായ്മ കൊണ്ടാണ് അച്ഛനായ തന്നെ അപമാനിക്കാൻ വിഡിയോ ചിത്രീകരിച്ച് സമൂഹ മാധ്യങ്ങളിൽ പോസ്റ്റ് ചെയ്തതെന്നും വിജയകുമാർ പറഞ്ഞു. ഈ ചെയ്തതിലൊന്നും വിരോധമില്ല, ഇതുകൊണ്ടൊന്നും പേടിച്ചോടില്ലെന്നും മക്കളുടെ കാര്യങ്ങൾ ഇനിയും അന്വേഷിക്കുമെന്നും അവർക്കു വേണ്ടിയാണ് താൻ ജീവിക്കുന്നതെന്നും വിജയകുമാർ പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് വിജയകുമാർ വീട്ടിൽ അതിക്രമിച്ചുകയറി
ഭീഷണിപ്പെടുത്തിയതായി അർഥന ഇൻസ്റ്റഗ്രാം പോസ്റ്റ് ഇട്ടത്. പല തവണ അച്ഛന്റെ ഭാഗത്ത് നിന്ന് അമ്മയ്ക്കും തനിക്കുമെതിരെ ആക്രമണങ്ങൾ ഉണ്ടായിട്ടും പൊലീസ് നടപടി എടുത്തില്ലെന്നും അർഥന ആരോപിക്കുന്നു.



