അസാധാരണമായി മേൽപ്പാലം പണിത ഏഴ് പൊതുമരാമത്ത് വകുപ്പ് (പിഡ്ബ്ല്യുഡി) എൻജിനിയർമാരെ സസ്പെൻഡ് ചെയ്ത് മധ്യപ്രദേശ് സർക്കാർ. ഭോപ്പാലിലെ ഐഷ്ബാഗ് റെയിൽവേ സ്റ്റേഷൻ പരിസരത്തുള്ള റെയിൽവേ മേൽപ്പാലമാണ് എൻജിനിയർമാർ 90 ഡിഗ്രി വളവിൽ പണിതത്. രണ്ട് ചീഫ് എൻജിനിയർമാർ ഉൾപ്പെടെ ഏഴ് എൻജിനിയർമാർക്കെതിരെ ശനിയാഴയാണ് നടപടിയുണ്ടായത്.
ചീഫ് എൻജിനിയർമാരായ സഞ്ജയ് ഖണ്ഡെ, ജി.പി. വർമ, ഇൻചാർജ് എക്സിക്യുട്ടീവ് എൻജിനിയർ ജാവേദ് ഷക്കീൽ, ഇൻചാർജ് സബ് ഡിവിഷണൽ ഓഫീസർ രവി ശുക്ല, സബ് എൻജിനിയർ ഉമാശങ്കർ മിശ്ര, അസിസ്റ്റന്റ് എൻജിനിയർ ഷാഹുൽ സക്സേന, ഇൻചാർജ് എക്സിക്യുട്ടീവ് എൻജിനിയർ ഷബാന രജ്ജഖ്, റിട്ടയേർഡ് സൂപ്രണ്ട് എൻജിനിയർ എം.പി. സിങ് എന്നിവരാണ് സസ്പെൻഡ് ചെയ്യപ്പെട്ടതെന്ന് പിഡബ്ല്യുഡി അഡിഷണൽ ചീഫ് സെക്രട്ടറി നീരജ് മദ്ലോയ് അറിയിച്ചു.

പാലത്തിൻ്റെ നിർമാണപ്രവർത്തനത്തിൽ ഉൾപ്പെട്ടിരുന്ന ആർക്കിടെക്റ്റ് പുനിത് ഛദ്ദയുടെ കമ്പനിയേയും ഡിസൈൻ കൺസൾട്ടൻ്റ് ഡൈനാമിക് കൺസൾട്ടന്റ് കമ്പനിയേയും ബ്ലാക്ക്ലിറ്റിൽ ഉൾപ്പെടുത്തിയതായും നീരജ് മദ്ലോയ് കൂട്ടിച്ചേർത്തു. മഹാമായ് കാ ബാഗും പുഷ്പ നഗറും തമ്മിലുള്ള ഗതാഗതം സുഗമമാക്കുന്നതിനായാണ് 18 കോടി മുടക്കി റെയിൽവെ മേൽപാലം നിർമിച്ചത്. മൂന്നുലക്ഷത്തിലധികം ജനങ്ങൾക്ക് പ്രയോജനപ്പെടുന്ന പദ്ധതിയായിരുന്നു ഇത്.

വിവരം വൈകിയാണ് ശ്രദ്ധയിൽപെട്ടതെന്നും ഉടൻതന്നെ വേണ്ട നടപടി കൈക്കൊണ്ടുവെന്നും മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ് എക്സിലൂടെ അറിയിച്ചു. ‘ഐഷബാഗ് റെയിൽവേ ഓവർബ്രിഡ്ജിന്റെ നിർമാണത്തിൽ എൻജിനിയർമാർക്ക് വലിയ പിഴവ് സംഭവിച്ചുവെന്ന് വളരെ വൈകിയാണ് അറിഞ്ഞത്. അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എൻജിനിയർമാർക്കെതിരെ നടപടി എടുത്തിട്ടുണ്ട്,’ മുഖ്യമന്ത്രി എക്സിൽ കുറിച്ചു.

സംഭവത്തിൽ ഡിപ്പാർട്ടുമെൻ്റ്തല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും ജോലിയിൽനിന്ന് വിരമിച്ച ഒരു സൂപ്രണ്ടന്റ്റ് എൻജിനിയർക്കെതിരെയും അന്വേഷണം ഉണ്ടാകുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ‘പാലത്തിന്റെ ഡിസൈൻ കൺസൾട്ടന്റും നിർമാണ ഏജൻസിയും ബ്ലാക്ക്ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. പാലത്തിന് ആവശ്യമായ മാറ്റങ്ങൾ വരുത്തുന്നതിനായി ഒരു കമ്മിറ്റിയെ നിയോഗിച്ചുകഴിഞ്ഞു. ആവശ്യമായ മാറ്റങ്ങൾ വരുത്തിയശേഷമേ പാലത്തിന്റെ ഉദ്ഘാടനം നടത്തുകയുള്ളൂ,’ മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം, വേണ്ടസ്ഥലം ലഭിക്കാതിരുന്നതുമൂലമാണ് ഇത്തരത്തിൽ പാലം നിർമിക്കേണ്ടിവന്നത് എന്നാണ് സസ്പെൻഷനിലായ ഉദ്യോഗസ്ഥർ പറയുന്നത്. തങ്ങൾക്ക് ലഭിച്ച സ്ഥലം പരമാവധി പ്രയോജനപ്പെടുത്തിയാണ് പാലം പണിഞ്ഞതെന്നും 90 ഡിഗ്രിയിൽ ഷാർപ്പായി ഒരു വളവ് നിർമിക്കുകയല്ലാതെ അവിടെ വേറെ ഒന്നും ചെയ്യാനാവില്ലായിരുന്നു എന്നും എൻജിനിയർമാർ പറഞ്ഞതായാണ് വിവരം. അടുത്തുതന്നെ ഒരു മെട്രോ റെയിൽ സ്റ്റേഷൻ ഉള്ളതും സ്ഥലപരിമിതിക്ക് കാരണമായതായി ചൂണ്ടിക്കാട്ടപ്പെടുന്നു.



