ജമ്മു കശ്‌മീരിലെ പഹൽഗാമിൽ ആക്രമണം നടത്തിയ ഭീകരർക്ക് അഭയം നൽകിയ രണ്ടുപേരെ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) അറസ്റ്റ് ചെയ്തു. പർവേസ് അഹമ്മദ് ജോഥർ, ബാഷിർ അഹമ്മദ് ജോഥർ എന്നിവരാണ് അറസ്റ്റിലായത്. പഹൽഗാമിൽ നിന്നാണ് ഇരുവരേയും എൻഐഎ പിടികൂടിയത്. ആക്രമണസംഘത്തിൽ ഉൾപ്പെട്ട മൂന്ന് ഭീകരരെ കുറിച്ചുള്ള വിവരങ്ങൾ ഇവർ എൻഐഎയ്ക്ക് കൈമാറിയതായാണ് വിവരം. ഭീകരസംഘടനയായ ലഷ്കറെ തൊയ്ബെയുമായി ബന്ധമുള്ള പാകിസ്‌താൻ പൗരരാണ് ഇവരെന്ന് എൻഐഎ സ്ഥിരീകരിച്ചു.

ആക്രമണത്തിന് മുൻപ് പർവേസും ബാഷിറും ബൈസരൺ താഴ്‌വരയിലെ ഹിൽ പാർക്കിലെ താത്ക്കാലിക കുടിലിൽ ഭീകരർക്ക് ഒളിച്ചിരിക്കാൻ അവസരമൊരുക്കി. അവർക്കാവശ്യമുള്ള ഭക്ഷണവും മറ്റ് സഹായങ്ങളും ഇവർ നൽകിയതായി അന്വേഷണസംഘം കണ്ടെത്തിയിരുന്നു.

യുഎപിഎയുടെ 19-ാം വകുപ്പ് പ്രകാരമാണ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. ഭീകരർക്ക് അഭയവും ആവശ്യമായ മറ്റ് സഹായവും നൽകുന്നതിനെതിരെയുള്ള വകുപ്പാണിത്. കേസിൽ കൂടുതൽ അന്വേഷണം നടന്നുവരുന്നതായും എൻഐഎ അറിയിച്ചു.

ഏപ്രിൽ 22നാണ് നിരപരാധികളായ 26 പേരുടെ ദാരുണാന്ത്യത്തിലേക്ക് നയിച്ച ഭീകരാക്രമണം നടന്നത്. ആക്രമണത്തിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 26 വിനോദസഞ്ചാരികൾ കൊല്ലപ്പെടുകയും 16 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. പാകിസ്‌താനാണ് ഭീകരാക്രമണത്തിന് പിന്നിലെന്ന് തിരിച്ചറിഞ്ഞതിനെ തുടർന്ന് ഇന്ത്യ ഓപ്പറേഷൻ സിന്ദൂർ എന്ന പേരിൽ മേയ് 7ന് പ്രത്യാക്രമണം നടത്തുകയും പാകിസ്‌താനിലെ ഭീകരതാവളങ്ങൾ നശിപ്പിക്കുകയും ചെയ്തിരുന്നു. മേയ് 10ന് ഇരുരാജ്യങ്ങളും തമ്മിൽ വെടിനിർത്തൽ നിലവിൽവന്നു.



