ഇറാൻ്റെ ഇസ്ഫാഹാൻ ആണവകേന്ദ്രത്തെ ലക്ഷ്യമാക്കി ഇസ്രയേൽ വ്യോമാക്രമണം നടത്തി. ഇറാൻ നടത്തിയ ബാലിസ്റ്റിക് മിസൈൽ ആക്രമണത്തിന് പിന്നാലെയാണ് ഇസ്രയേലിൻ്റെ ആക്രമണം. ഇറാന്റെ ആണവ-സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ജൂൺ 13ന് ഇസ്രയേൽ നടത്തിയ ആക്രമണങ്ങളുടെ തുടർച്ചയാണ് ഇസ്ഫഹാൻ ആണവകേന്ദ്രത്തിനുനേർക്കുള്ള വ്യോമാക്രമണം. ആക്രമണത്തിൽ അൻപതോളം യുദ്ധവിമാനങ്ങൾ അണിനിരന്നതായി ഇസ്രയേൽ ഡിഫൻസ് ഫോഴ്സസ് (ഐഡിഎഫ്) പറഞ്ഞു. ആണവകേന്ദ്രത്തിനുനേർക്കുള്ള ആക്രമണം അപകടകരമായ സാഹചര്യം ഉണ്ടാക്കിയിട്ടില്ലെന്ന് ഇറാൻ മാധ്യമമായ ഫാർസ് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.

ഇറാന്റെ ആണവപദ്ധതിയിൽ നിർണായകപങ്ക് വഹിക്കുന്ന കേന്ദ്രമാണ് ഇസാഹാൻ. യുറേനിയം സമ്പുഷ്ടീകരണ സൗകര്യവും ആണവ ഇന്ധന ഉത്പാദനകേന്ദ്രവും ഇസ്ഫാഹാനിലുണ്ട്. ഇസാഹാനെ ലക്ഷ്യമാക്കി നടത്തിയ ആക്രമണപദ്ധതി വിജയിച്ചതായി ഇസ്രയേലി ഉദ്യോഗസ്ഥൻ എഎഫ്‌പിയോട് പ്രതികരിച്ചു. ഇസ്ഫഹാൻ കൂടാതെ മറ്റു ചില സുപ്രധാന കേന്ദ്രങ്ങളിലും ആക്രമണം നടത്തിയതായി ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു.

ശനിയാഴ്ച പുലർച്ചെ 2.40 ഓടെ മധ്യ ഇസ്രയേലിൽ ഇറാൻ ബാലിസ്റ്റിക് മിസൈൽ ആക്രമണങ്ങൾ നടത്തി. ടെൽ അവീവിനും സമീപ പ്രദേശങ്ങളിലുമായി അഞ്ച് ബാലിസ്റ്റിക് മിസൈലുകളാണ് ഇറാൻ പ്രയോഗിച്ചത്. എല്ലാ മിസൈലുകളും ഇസ്രയേൽ വ്യോമപ്രതിരോധം തടഞ്ഞു. ആക്രമണങ്ങളിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നാണ് വിവരം. മിസൈലുകൾ പ്രതിരോധിക്കാനുള്ള നടപടികൾക്കിടെ ഒരു കെട്ടിടത്തിന്റെ മേൽക്കൂരയ്ക്ക് തീപ്പിടിച്ചതൊഴികെ ഗുരുതര നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല.

ജൂൺ 13 മുതൽ 470 ലധികം ബാലിസ്റ്റിക് മിസൈലുകളും ആയിരത്തിലധകം ഡ്രോണുകളുമാണ് ഇസ്രയേലിനെതിരെ ഇറാൻ പ്രയോഗിച്ചത്. ശനിയാഴ്‌ച രാത്രി ഇസ്രയേൽ വ്യോമസേന രാത്രിയിൽ 40 ഡ്രോണുകൾ തടയുകയും ഇസ്രയേലിനെ ലക്ഷ്യമിടാൻ തയ്യാറെടുക്കുകയായിരുന്ന വിക്ഷേപണത്തറകളിൽ ആക്രമണം നടത്തുകയും ചെയ്‌തു. ശനിയാഴ്ച രാത്രി, ഐഡിഎഫ് ഇന്റലിജൻസ് ഡയറക്ടറേറ്റിൽ നിന്നുള്ള വിവരങ്ങളെ അടിസ്ഥാനമാക്കി, ഇസ്രയേലിലേക്ക് വിക്ഷേപിക്കാൻ സജ്ജമായിരുന്ന, ഇസ്‌ാഹാനിലുള്ള മിസൈൽ വിക്ഷേപണത്തറകളിലും ഇരട്ട ബാരൽ ഡ്രോൺ വിക്ഷേപണത്തറയിലും ഇസ്രയേൽ വ്യോമസേന ആക്രമണം നടത്തി.



