മുസ്ലീംലീഗിൻ്റെ വയനാട് പുനരധിവാസ പദ്ധതിയ്ക്ക് എതിരായി റവന്യൂ വകുപ്പിന്റെ നോട്ടീസ് ലഭിച്ചിട്ടുണ്ടെന്ന് സ്ഥിരീകരിച്ച് മുസ്ലീംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാം. സർക്കാരിന് മുസ്ലീം ലീഗിനോട് കണ്ണുകടിയാണെന്നും ദുഷ്ടലാക്കോടെയുള്ള പ്രവർത്തനമാണ് നോട്ടീസിന് പിന്നിലെന്നും പി.എം.എ. സലാം. ആരോപിച്ചു.

ദുരിതബാധിതരെ സഹായിക്കാനുള്ള പദ്ധതിയുമായി മുന്നോട്ട് പോകുമ്പോൾ സങ്കുചിത രാഷ്ട്രീയ വിവേചനത്തോടെ അത് മുടക്കാനുള്ള ശ്രമമാണ് സർക്കാരിന്റേത്. ലീഗിൻ്റെ പദ്ധതിക്ക് തടസമുണ്ടാക്കിയിട്ട് സർക്കാരിന് എന്ത് നേട്ടമാണുള്ളതെന്നും അദ്ദേഹം ചോദിച്ചു. ഈമാസം 14-നും 16-നുമായി ഭൂമിയുമായി ബന്ധപ്പെട്ട രേഖകൾ ഹാജരാക്കും. തീർപ്പായില്ലെങ്കിൽ നിയമ നടപടിയുമായി മുന്നോട്ട് പോവുമെന്നും പി.എം.എ. സലാം പറഞ്ഞു.

സർക്കാരിന് പദ്ധതി നടപ്പാക്കാൻ കഴിയാത്തതിനാൽ ലീഗിന്റെ പദ്ധതി നീട്ടിക്കൊണ്ടുപോകാനാണ് സർക്കാർ ശ്രമം. വില്ലേജ് ഓഫീസർ സർക്കാരിന്റെ ഭാഗമാണ്. തിരുവനന്തപുരത്തുനിന്ന് വിളിച്ചുപറഞ്ഞാൽ അവർക്ക് നോട്ടീസ് അയക്കാതിരിക്കാൻ കഴിയില്ലെന്നും പി.എം.എ സലാം പറഞ്ഞു.


