പൂക്കോട് വെറ്ററിനറി കോളജ് വിദ്യാർഥി ജെ.എസ്.സിദ്ധാർഥൻ്റെ മരണത്തിൽ അന്വേഷണം സിബിഐക്ക് കൈമാറി കേന്ദ്രസർക്കാർ ഉത്തരവിറക്കി. സംസ്‌ഥാന സർക്കാരിനും കേന്ദ്രസർക്കാർ ഉത്തരവ് കൈമാറി. ഡൽഹിയിൽനിന്നുള്ള സിബിഐ സംഘം കേരളത്തിലെത്തിയിട്ടുണ്ട്.

സിദ്ധാർഥൻ മരണത്തിൽ സിബിഐ അന്വേഷണത്തിനുള്ള നടപടിക്രമങ്ങൾ വൈകിയതിൽ കേന്ദ്ര ആഭ്യന്തര സെക്രട്ടറി ഡിജിപിയോട് വിശദീകരണം തേടി. വീഴ്‌ച വരുത്തിയ ഉദ്യോഗസ്ഥരുടെ പേരുവിവരങ്ങൾ നൽകാൻ നിർദേശം നൽകുകയും ചെയ്തു. ആഭ്യന്തര സെക്രട്ടറി ഡിജിപിയോട് വിശദീകരണം തേടുന്നത് അസാധാരണ നടപടിയാണ്.

സിദ്ധാർഥന്റെ മരണത്തിൽ അന്വേഷണം സിബിഐയ്ക്കു കൈമാറിയുള്ള വിജ്‌ഞാപനത്തിന് എത്രയും വേഗം നടപടിയെടുക്കാൻ ഹൈക്കോടതി കേന്ദ്രസർക്കാരിനു നിർദേശം നൽകിയിരുന്നു.

ഉചിതമായ വിജ്‌ഞാപനം പുറപ്പെടുവിക്കണമെന്നും ഓരോ നിമിഷവും വൈകുന്നത് കേസിനെ ബാധിക്കുമെന്നും അന്വേഷണം വൈകുന്നത് എന്തുകൊണ്ടാണെന്നും കോടതി ആരാഞ്ഞിരുന്നു.




