മലയാളത്തിലെ ചലച്ചിത്ര അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യുടെ ഭരണസമിതിയിലേക്ക് തിരഞ്ഞെടുപ്പ് നടത്തും. മൂന്ന് മാസത്തിനകം തിരഞ്ഞെടുപ്പ് നടത്താനാണ് ഞായറാഴ്‌ച നടന്ന ജനറൽ ബോഡി യോഗത്തിൽ ധാരണയായത്. നിലവിലുള്ള അഡ്ഹോക് കമ്മിറ്റി അതുവരെ തുടരും. ജനറൽ ബോഡി യോഗത്തിൽ സമവായത്തിലെത്താൻ കഴിയാത്തതിനെ തുടർന്നാണ് തിരഞ്ഞെടുപ്പ് നടത്താൻ തീരുമാനിച്ചത്.

നേരത്തേ മോഹൻലാൽ സംഘടനയുടെ തലപ്പത്തേക്ക് തിരികെയെത്തുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. വോട്ടെടുപ്പ് ഒഴിവാക്കി മോഹൻലാൽ വീണ്ടും പ്രസിഡന്റാവണമെന്ന് അഡ്ഹോക്ക് കമ്മിറ്റി ആവശ്യപ്പെടുമെന്നായിരുന്നു വിവരം. നിലവിലെ ജോയിൻ്റ് സെക്രട്ടറി ബാബുരാജിനെ ജനറൽ സെക്രട്ടറിയാക്കാനും തീരുമാനമുണ്ടായിരുന്നു.

എന്നാൽ എറണാകുളത്തെ ഗോകുലം പാർക്ക് കൺവെൻഷൻ സെൻ്ററിൽ നടന്ന വാർഷിക ജനറൽ ബോഡി യോഗത്തിൽ പ്രസിഡന്റ് സ്ഥാനത്ത് തുടരാനില്ലെന്ന് മോഹൻലാൽ വ്യക്തമാക്കിയതായാണ് അറിയുന്നത്. അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും മോഹൻലാൽ വഴങ്ങാതിരുന്നതിനെ തുടർന്നാണ് ഭരണസമിതിയിലേക്ക് തിരഞ്ഞെടുപ്പ് നടത്താൻ തീരുമാനമായത്.

ജനറൽ സെക്രട്ടറിയായിരുന്ന നടൻ സിദ്ദിഖ് ഉൾപ്പെടെ നേതൃപദവിയിലുള്ള ചിലർക്കെതിരേ പീഡന ആരോപണം ഉയർന്നതിനെ തുടർന്നാണ് ‘അമ്മ’യുടെ ഭരണസമിതി പിരിച്ചുവിട്ടത്. അന്ന് മുതൽ അഡ്ഹോക് കമ്മിറ്റിയാണ് ഭരണം നിർവഹിക്കുന്നത്. പ്രസിഡൻ്റ്പദവിയിൽ അല്ലെങ്കിലും മോഹൻലാൽ കമ്മിറ്റി അംഗമായി തുടർന്നിരുന്നു.



