സംസ്ഥാനത്ത് പുതിയ നിപ കേസുകളില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. നിപ ബാധിച്ച് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഒൻപതു വയസ്സുകാന്റെ ആരോഗ്യനില മെച്ചപ്പെട്ടതായും വെന്റിലേറ്ററിൽനിന്ന് മാറ്റിയതായും മന്ത്രി അറിയിച്ചു.

കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഒരു നിപ രോഗിയടക്കം 23 പേരാണ് നിലവിലുള്ളത്. നാലുപേർ ഐ.എം.സി.എച്ചിലും ഐസൊലേഷനിൽ കഴിയുന്നു. 1,233 പേർ സമ്പർക്കപ്പട്ടികയിലുണ്ട്. പുതുതായി 44 പേരും ഇതിൽ ഉൾപ്പെട്ടു. കൺടെയ്ൻമെന്റ്റ് സോണിൽ 34167 വീടുകളിൽ ഇതുവരെ സന്ദർശനം നടത്തിയതായും ആരോഗ്യമന്ത്രി അറിയിച്ചു. കേന്ദ്രസംഘത്തിൻ്റെ പരിശോധന തുടരുകയാണെന്നും രോഗത്തിൻ്റെ ഉറവിടം കണ്ടെത്താനുള്ള നീക്കം നടത്തുകയാണെന്നും മന്ത്രി പറഞ്ഞു

നിപയുടെ സാന്നിധ്യം കണ്ടെത്തുന്നതിനായി 36 വവ്വാലുകളുടെ മൂന്ന് സാമ്പിൾ വീതം എടുത്ത് പുണെ ലാബിലേക്കയച്ചു. വൈറസിന്റെ ജനിതക ഘടന പരിശോധിക്കും. പുതിയ മോണോ ക്ലോണൽ ആൻ്റിബോഡി എത്തിക്കും. രണ്ടാം തരംഗം ഉണ്ടായിട്ടില്ല. വൈറസിൻ്റെ ജീനോമിക് സീക്വൻസിങ് നടത്തി ഇത് ശാസ്ത്രീയമായി ഉറപ്പുവരുത്തും. നിപരോഗികൾ മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.


