സ്വന്തം പിതാവിൻ്റെ മൃതദേഹം രണ്ടുവർഷത്തോളം വീട്ടിലെ അലമാരയിൽ ഒളിപ്പിച്ച് മകൻ. സംസ്കാരത്തിന് പണച്ചെലവ് കൂടുതലായതിനാൽ അത് ഒഴിവാക്കാനാണ് പിതാവിൻ്റെ മൃതദേഹം 2023 ജനുവരി മാസം മുതൽ താൻ വസ്ത്രങ്ങൾ സൂക്ഷിക്കുന്ന അലമാരയിൽ സൂക്ഷിച്ചതെന്ന് ഇയാൾ പോലീസിനോട് പറഞ്ഞു. ജപ്പാനിലാണ് ഈ വിചിത്രമായ സംഭവമുണ്ടായത്.
നൊബുഹികോ സുസുക് എന്ന 56-കാരനാണ് പിതാവിന്റെ മൃതദേഹം അലമാരയിൽ സൂക്ഷിച്ചത്. ടോക്കിയോയിലെ ഇയാളുടെ ചൈനീസ് റെസ്റ്റൊറെന്റ് ഒരാഴ്ചയായി അടഞ്ഞുകിടന്നത് ശ്രദ്ധയിൽപെട്ട അയൽവാസികൾ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് പോലീസ് ഇയാളുടെ വീട്ടിലെത്തി പരിശോധന നടത്തിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.
86-കാരനായ പിതാവ് 2023 ജനുവരിയിലാണ് മരിച്ചതെന്ന് നൊബുഹികോ പോലീസിനോട് പറഞ്ഞു. ശവമടക്കിനുള്ള ചെലവ് വളരെ കൂടുതലാണെന്നും അതിനാലാണ് മൃതദേഹം ഒളിപ്പിച്ചുവെച്ചതെന്നും ഇയാൾ പോലീസിനോട് പറഞ്ഞു. പിതാവിൻ്റെ മരണകാരണം വ്യക്തമല്ല. താൻ ജോലികഴിഞ്ഞെത്തിയപ്പോൾ പിതാവ് മരിച്ചനിലയിലായിരുന്നുവെന്നാണ് നൊബുഹികോ പറയുന്നത്.


