ബോളിവുഡ് താരം ഷാരൂഖ് ഖാനെതിരെ വിമർശവുമായി അമേരിക്കൻ വംശജയായ പാക് നടി മനൂർ ബലോച്ച്. താരം സുന്ദരനല്ലെന്നും അഭിനയിക്കാനറിയില്ലെന്നുമായിരുന്നു നടി പറഞ്ഞത്. ഷാരൂഖ് നല്ലൊരു ബിസിനസുകാരനാണെന്നും എങ്ങനെ സ്വയം മാർക്കറ്റ് ചെയ്യണമെന്ന് അറിയാമെന്നും മാർ കൂട്ടിച്ചേർത്തു.

“നല്ല വ്യക്തിത്വമുള്ളവനാണ് ഷാരൂഖ് ഖാൻ. എന്നാൽ പരമ്പരാഗതമായ സൗന്ദര്യ മാനദണ്ഡങ്ങൾ നോക്കിയാൽ അദ്ദേഹം സുന്ദരനല്ല. അദ്ദേഹത്തിന്റെ വ്യക്തിത്വവും പ്രഭാവലയവും വളരെ ശക്തമാണ്, അതുകൊണ്ടാണ് അദ്ദേഹം സുന്ദരനായി കാണപ്പെടുന്നത്. അദ്ദേഹത്തിന് വല്ലാത്ത ഒരു ആകർഷകത്വമുണ്ട്. അതില്ലാത്ത ധാരാളം സുന്ദരൻമാരുണ്ട്. അതിനാൽ ആളുകൾ അവരെ ശ്രദ്ധിക്കുന്നില്ല, “പാകിസ്താൻ ടോക്ക് ഷോയായ ഹദ് കർദിയിൽ നടി പറഞ്ഞു.
അദ്ദേഹത്തിന് അഭിനയം അറിയില്ല എന്നതാണ് ഷാരൂഖിനെക്കുറിച്ചുള്ള എന്റെ അഭിപ്രായം. ഒരുപക്ഷേ അദ്ദേഹത്തിന്റെ ആരാധകർ ഇതിനോട് വിയോജിക്കും. എന്നാലും കുഴപ്പമില്ല. എത്രയോ നല്ല അഭിനേതാക്കളുണ്ട്, അവരിൽ പലരും വിജയിച്ചവരല്ല. എന്നാൽ സ്വയം മാർക്കറ്റ് ചെയ്യാൻ ഷാരൂഖ് ഖാനറിയാം’ മാർ അഭിമുഖത്തിൽ വ്യക്തമാക്കി. സാമ ടിവിയുടെ ഔദ്യോഗിക യൂട്യൂബ് ചാനൽ പങ്കുവെച്ച അഭിമുഖത്തിന് താഴെ നിരവധി പേരാണ് നടിക്കെതിരെ വിമർശവുമായി എത്തിയത്. “എന്തു വിഡ്ഢിത്തമാണ് പറയുന്നതെന്നും ഷാരൂഖ് ഖാൻ നല്ലൊരു നടനും ഇതിഹാസവുമാണെന്നും ഒരാൾ കുറിച്ചു. മനൂറിന്റെ പരാമർശം തെറ്റായിപ്പോയെന്നും ഷാരൂഖ് ഭാവങ്ങളുടെ രാജാവാണെന്നും മറ്റൊരാൾ അഭിപ്രായപ്പെട്ടു. നടിക്കെതിരെ വ്യാപക ട്രോളുകളാണ് സോഷ്യൽമീഡിയയിൽ പ്രചരിക്കുന്നത്.

മോഡലും സംവിധായികയും കൂടിയായ മനൂർ 1993 ൽ പിടിവിയിൽ സംപ്രേക്ഷണം ചെയ്ത മാർവി എന്ന സീരിയലിലൂടെയാണ് ബലോച്ച് ടെലിവിഷൻ അരങ്ങേറ്റം കുറിച്ചത്.നിരവധി പ്രമുഖ കമ്പനികളുടെ മോഡലായിരുന്നു. മെയിൻ ഹൂൻ ഷാഹിദ് അഫ്രീദി, ടോൺ എന്നീ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട് മനൂർ.



