ശമ്പളം സ്ഥിരമായി വൈകുന്നതോടെ കെഎസ്ആർടിസിയിൽനിന്നു സർക്കാർ വകുപ്പുകളിലേക്കും കോർപറേഷനുകളിലേക്കും ഡപ്യൂട്ടേഷനിൽ ജോലി ചെയ്യാൻ അപേക്ഷിച്ചത് 4050 പേർ. ഏറ്റവും കൂടുതൽ അപേക്ഷ ബവ്റിജസ് കോർപറേഷനിലേക്കാണ്. അപേക്ഷകരിൽ 900 പേർ മതിയായ യോഗ്യത ഉള്ളവരാണെന്ന് അധികൃതർ പറഞ്ഞു. വിവിധ സർക്കാർ സ്ഥാപനങ്ങളിൽ ഒഴിവുള്ള തസ്തികകളുടെ അതേ ശമ്പള സ്കെയിലുള്ള 600 അപേക്ഷകരുണ്ട്. 600 പേരുടെ പട്ടിക ബവ്റിജസ് കോർപറേഷൻ അടക്കമുള്ള സ്ഥാപനങ്ങൾക്കു കൈമാറുമെന്ന് കെഎസ്ആർടിസി അധികൃതർ വ്യക്തമാക്കി.

മറ്റു സ്ഥാപനങ്ങളിലേക്ക് ഡപ്യൂട്ടേഷനിൽ പോകാൻ അനുമതി നൽകിയതോടെ കെഎസ്ആർടിസിയിലെ യൂണിയൻ നേതാക്കളടക്കം ഡപ്യൂട്ടേഷന് അപേക്ഷിച്ചിരുന്നു. ഡപ്യൂട്ടേഷനിൽ പോയാൽ കെഎസ്ആർടിസിയിൽ വാങ്ങിയിരുന്ന ശമ്പളം മാസത്തിന്റെ അവസാന പ്രവൃത്തിദിവസം വാങ്ങാനാകും എന്നതിനാലാണ് അപേക്ഷകരുടെ എണ്ണം കൂടിയത്. കെഎസ്ആർടിസിയിൽ ജോലി ചെയ്യുന്നവർക്ക് ഒരു മാസത്തിന്റെ പകുതിയായാലും തലമാസത്തെ ശമ്പളം ലഭിക്കാറില്ല. സർക്കാർ സഹായം നൽകിയാൽ മാത്രമേ ശമ്പള വിതരണം നടക്കൂ.

സെപ്റ്റംബർ മാസത്തെ ശമ്പളം ഇന്നലെയാണ് പൂർണമായി വിതരണം ചെയ്തത്. രണ്ടാംഘട്ട തുകയാണ് ഇന്നലെ നൽകിയത്. രണ്ടു മാസത്തെ പെൻഷൻ കുടിശികയാണ്. ബവ്റിജസ് കോർപറേഷനിലെ ഓഫിസ് അറ്റൻഡന്റ്, ഷോപ്പ് അറ്റൻഡന്റ്, എൽഡി ക്ലർക്ക് തസ്തികകളിലാണ് ഡപ്യൂട്ടേഷന് അനുമതി നൽകിയത്. മറ്റു കോർപറേഷനുകളിലും സർക്കാർ സ്ഥാപനങ്ങളിലും അപേക്ഷിക്കാൻ അനുമതിയുണ്ടായിരുന്നു. ഈ മാസം 13 വരെയായിരുന്നു അവസരം. ബവ്റിജസ് കോർപറേഷനിലെ 263 തസ്തികളിൽ ഒരു വർഷത്തേക്കോ പിഎസ്സി റാങ്ക് ലിസ്റ്റിൽ നിന്നും ഉദ്യോഗാർഥികൾ വരുന്നതുവരെയോ ആയിരിക്കും നിയമനം.


