വ്യാജ ഡിഗ്രി വിവാദത്തിൽ എസ് എഫ് ഐ നേതാവ് നിഖിൽ തോമസിനെ സസ്പെൻഡ് ചെയ്തതായി എംഎസ്എം കോളേജ് പ്രിൻസിപ്പൽ ഡോ മുഹമ്മദ് താഹ. നിഖിലിനെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്ന് ഡോ മുഹമ്മദ് താഹ പറഞ്ഞു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ആറംഗസമിതിയെ നിയോഗിച്ചിട്ടുണ്ട്. രണ്ട് ദിവസത്തിനകം റിപ്പോർട്ട് നൽകാൻ സമിതിയ്ക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും താഹ അറിയിച്ചു.
അതേസമയം എസ്എഫ്ഐ നേതാവ് നിഖിൽ തോമസുമായി ബന്ധപ്പെട്ട വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ് വിവാദത്തിൽ നിർണായക വെളിപ്പെടുത്തൽ നടത്തി കലിംഗ സർവകലാശാല അധികൃതർ രംഗത്തെത്തി. നിഖിൽ തോമസ് എന്ന വിദ്യാർത്ഥി സർവകലാശാലയിൽ പഠിച്ചിട്ടില്ലെന്നും നിഖിലിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും കലിംഗ സർവകലാശാല രജിസ്ട്രാർ സന്ദീപ് ഗാന്ധി പറഞ്ഞു. മാധ്യമ വാർത്തകൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ഇക്കാര്യത്തിൽ പരിശോധന നടത്തിയിരുന്നുവെന്നും സന്ദീപ് ഗാന്ധി വ്യക്തമാക്കി.

സർവകലാശാല രേഖകളിൽ ഇങ്ങനെയൊരു പേരില്ല.വാർത്തകളുടെ അടിസ്ഥാനത്തിൽ നിഖിലിനെതിരെ നിയമ നടപടിയെടുക്കുമെന്നും കലിംഗ സർവകലാശാല രജിസ്ട്രാർ പറഞ്ഞു. അതേസമയം, വ്യാജ സട്ടിഫിക്കറ്റ് വിവാദത്തിൽ എസ്എഫ്ഐ വാദങ്ങൾ തള്ളി കേരള സർവകലാശാല വിസി മോഹനൻ കുന്നുമ്മൽ രംഗത്തെത്തിയിരുന്നു.

നിഖിൽ ആറ് സെമസ്റ്ററും എംഎസ്എം കോളജിൽ പഠിച്ചു. കേരളയിൽ 75 ശതമാനം ഹാജരുള്ളയാൾ എങ്ങനെ കലിംഗയിൽ പോയി. വിഷയത്തിൽ പ്രിൻസിപ്പൽ സർവകലാശാലയിലെത്തി വിശദീകരണം നൽകണമെന്നും നിഖിലിന്റെ എംകോം പ്രവേശനത്തിൽ കോളജിന് ഗുരുതര വീഴ്ച സംഭവിച്ചെന്നും വി സി മോഹനൻ കുന്നുമ്മൽ പറഞ്ഞു.


