വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നൽകി വീട്ടമ്മയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ വൈക്കം സ്വദേശിയായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. വൈക്കം ചെമ്ബ് മുറിഞ്ഞപുഴ ഭാഗത്ത് കൂമ്ബേൽ വീട്ടിൽ അജേഷ് കെ.ആർ (42) എന്നയാളെയാണ് കടുത്തുരുത്തി പൊലീസ് അറസ്റ്റ് ചെയ്തത്.

ഭർത്താവുമായി അകന്നു കഴിയുകയായിരുന്ന വീട്ടമ്മയുമായി അജേഷ് പരിചയത്തിലാകുകയായിരുന്നു. തുടർന്ന് ഇരുവരും പ്രണയത്തിലാകുകയും അതിനിടെയാണ് വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നൽകി അജേഷ് വീട്ടമ്മയെ ലൈംഗികമായി പീഡിപ്പിച്ചത്.

പിന്നീട് വിവാഹവാഗ്ദാനത്തിൽനിന്ന് അജേഷ് പിൻമാറിയതോടെയാണ് താൻ വഞ്ചിക്കപ്പെടുകയായിരുന്നുവെന്ന് വീട്ടമ്മയ്ക്ക് മനസിലായത്. ഇതേത്തുടർന്ന് വീട്ടമ്മ കടുത്തുരുത്തി പൊലീസിൽ പരാതി നൽകുകയായിരുന്നു. വീട്ടമ്മയുടെ പരാതിയിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ച പൊലീസ് അജേഷിനെ പിടികൂടി. ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചിട്ടുണ്ട്. പ്രതിക്കെതിരെ വിവിധ വകുപ്പുകൾ ചേർത്ത് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

കടുത്തുരുത്തി സ്റ്റേഷൻ എസ്.എച്ച്.ഓ സജീവ് ചെറിയാൻ, എസ്.ഐ അരുൺകുമാർ, വിജിമോൻ, എ.എസ്.ഐ ശ്രീലതാമ്മാൾ, സി.പി.ഓ മാരായ അജേഷ്, അർജുൻ എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.


