വിപണി വിലയ്ക്ക് ഇന്ധനം ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.ആര്.ടി.സി നല്കിയ ഹര്ജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും. കേന്ദ്രസര്ക്കാരിനും, പൊതു മേഖല എണ്ണ കമ്പനികൾക്കും കേസില് സുപ്രിംകോടതി നോട്ടിസ് അയച്ചിരുന്നു. എതിര് കക്ഷി സ്ഥാനത്ത് നിന്ന് ഒഴിവാക്കാന് കേന്ദ്രസര്ക്കാര് നല്കിയ അപേക്ഷയില് ഇന്ന് കോടതി തിരുമാനം കൈകൊള്ളും.

ജസ്റ്റിസ് പമിഡിഘണ്ടം അധ്യക്ഷനായ ബഞ്ചാണ് കേസ് പരിഗണിക്കുക. വിലനിര്ണ്ണയ വിഷയത്തില് തര്ക്കങ്ങള് ഉണ്ടെങ്കില് ആര്ബിട്രേഷന് നടപടികള് സ്വീകരിക്കാമെന്ന ഹൈക്കോടതി ഉത്തരവ് നേരത്തെ സുപ്രീം കോടതി സ്റ്റേ ചെയ്തിരുന്നു. വിപണി വിലയേക്കാളും കൂടുതല് തുക കെ.എസ്.ആര്.ടി.സിയില് നിന്ന് ഈടാക്കുന്നത് ഗൗരവമേറിയ വിഷയമാണെന്ന് മുന്പ് കേസ് പരിഗണിച്ച ജസ്റ്റിസ് അബ്ദുല് നസീര് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കിയിരുന്നു

വിപണി വിലയ്ക്ക് പൊതുമേഖല എണ്ണ കമ്പനികൾ ഡീസല് നല്കാത്തത് ഭരണഘടന വിരുദ്ധമാണെന്നാണ് കെഎസ്ആര്ടിസിക്ക് വേണ്ടി ഹാജരാകുന്ന അഭിഭാഷകന് ദീപക് പ്രകാശിന്റെ വാദം. എന്നാല് അധിക വില ഈടാക്കുന്നവരില് നിന്ന് എന്തിന് ഡീസല് വാങ്ങണമെന്ന് കോടതി ചോദിച്ചിരുന്നു. മറ്റ് എണ്ണ കമ്പനികളിൽ നിന്ന് ഡീസല് വാങ്ങിക്കൂടെ എന്ന് കോടതി ആരാഞ്ഞു. ബള്ക്ക് പര്ച്ചേസര്മാര്ക്ക് എല്ലാവരും ഉയര്ന്ന തുകയാണ് ഈടാക്കുന്നതെന്ന് കെഎസ്ആര്ടിസിയുടെ അഭിഭാഷകര് ചൂണ്ടിക്കാട്ടി



