ബ്രെയിന്‍ റിസര്‍ച്ച് യുകെയുടെ സ്പോണ്‍സര്‍ഷിപ്പിന് കീഴിലാണ് ഡോ.കെ.എം.എബ്രഹാം മാരത്തണില്‍ ഓടിയത്. 42.2 കിലോമീറ്റര്‍ ദൈര്‍ഘ്യം വരുന്ന ഫുള്‍ മാരത്തണ്‍ ആണ് ലണ്ടന്‍ മാരത്തണ്‍.

മഴയേയും പത്ത് ഡിഗ്രി ശൈത്യകാലാവസ്ഥയെയും അതിജീവിച്ചാണ് 5 മണിക്കൂര്‍ 36 മിനിറ്റ് കൊണ്ട് ഡോ.കെ.എം.എബ്രഹാം മാരത്തണ്‍ ഓട്ടം പൂര്‍ത്തിയാക്കിയത്. കിഫ്ബി ലോഗോ ആലേഖനം ചെയ്ത ജഴ്സി ധരിച്ചു കൊണ്ടാണ് അദ്ദഹം മാരത്തണില്‍ ഓടിയത്. ‘കേരളത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തില്‍ കിഫ്ബിയുടെ ദൗത്യം ഒരു ഹൃസ്വ കാല ലക്ഷ്യമല്ലെന്നും സ്ഥിരതയും കാഠിന്യവും ഒത്തുച്ചേര്‍ന്ന ദീര്‍ഘകാല ലക്ഷ്യമാണെന്നുമുള്ള വസ്തുതയുടെ ഓര്‍മപ്പെടുത്തലായിരുന്നു എനിക്കും കിഫ്ബി ടീമിനും ഈ മാരത്തണ്‍.” മാരത്തണ്‍ പൂര്‍ത്തിയാക്കിയ ശേഷം ഡോ.കെ.എം എബ്രഹാം പറഞ്ഞു.

ബ്രെയിന്‍ റിസര്‍ച്ച് യുകെയുടെ സ്പോണ്‍സര്‍ഷിപ്പിന് കീഴില്‍ ഓടിയതിന്റെ കാരണവും അദ്ദേഹം വിശദീകരിച്ചു. ‘മസ്തിഷ്ക രോഗങ്ങള്‍ നമ്മുടെ കുടുംബങ്ങളെയും സാമൂഹിക വൃത്തങ്ങളെയും എന്നെയും വ്യക്തിപരമായി ബാധിച്ചിട്ടുണ്ട്. നമ്മുടെ പല കുടുംബങ്ങളിലെയും മാതാപിതാക്കളും മുത്തശ്ശിമാരും പ്രായമാകുമ്പോള്‍ ഡിമെന്‍ഷ്യ, അല്‍ഷിമേഴ്സ് പോലുള്ള വെല്ലുവിളി നിറഞ്ഞ അവസ്ഥകള്‍ അഭിമുഖീകരിക്കുന്നുണ്ട്. ഈ അസുഖങ്ങള്‍ കാരണം നമ്മുടെ പ്രിയപ്പെട്ടവരുടെ വ്യകതിത്വവും സ്വഭാവവും മാറുന്നത് കാണുന്നത് ഹൃദയഭേദകമാണ്. കൂടാതെ, ഹണ്ടിംഗ്ടണ്‍സ്, പാര്‍ക്കിന്‍സണ്‍സ്, മോട്ടോര്‍ ന്യൂറോണ്‍, ബ്രെയിന്‍ ട്യൂമറുകള്‍, സുഷുമ്നാ നാഡിക്ക് പരുക്കുകള്‍, അറ്റാക്സിയ തുടങ്ങിയ മറ്റ് രോഗങ്ങളും തലച്ചോറിന്റെ ആരോഗ്യത്തെ ബാധിക്കുന്നു. കഴിഞ്ഞ ദശകത്തില്‍ രോഗനിര്‍ണയത്തില്‍ കാര്യമായ പുരോഗതി ഉണ്ടായിട്ടുണ്ടെങ്കിലും, കാരണങ്ങള്‍ മനസ്സിലാക്കുന്നതിനും ഫലപ്രദമായ പരിചരണവും ചികിത്സയും വികസിപ്പിക്കുന്നതിനും വിപുലമായ ഗവേഷണം ആവശ്യമാണ്.

2000 പൗണ്ട് (2 ലക്ഷം രൂപ) ആയിരുന്നു ആദ്യം ലക്ഷ്യംവച്ചിരുന്നതെങ്കിലും ഓട്ടത്തിനായി 1 മാസത്തിനുള്ളില്‍ 2475 പൗണ്ട് (2.53 ലക്ഷം രൂപ) നേടാന്‍ കഴിഞ്ഞു. ഈ തുക ബ്രെയിന്‍ റിസര്‍ച്ച് യുകെയില്‍ എത്തുന്നത് വഴി ലോകത്തിലെ ദശലക്ഷക്കണക്കിന് ആളുകളെ സഹായിക്കുന്നതിലേക്കുള്ള എളിയ സംഭാവനയാകും എന്നും ഡോ.കെ.എം.എബ്രഹാം പറഞ്ഞു


