ജനപ്രിയ മെസേജിങ് ആപ്ലിക്കേഷനായ വാട്സാപ്പിൽ പുതിയ വോയ്സ് ചാറ്റ് ഫീച്ചർ അവതരിപ്പിച്ചു. വലിയ വാട്സാപ്പ് ഗ്രൂപ്പുകൾക്ക് വേണ്ടിയാണിത് ഒരുക്കിയിരിക്കുന്നത്. നേരത്തെ വാട്സാപ്പ് ബീറ്റാ പതിപ്പിൽ ഈ ഫീച്ചർ എത്തിയതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ഇപ്പോൾ ആഗോള തലത്തിൽ എല്ലാ ഉപഭോക്താക്കൾക്കുമായി ഇത് ലഭ്യമാക്കി.

ഗ്രൂപ്പ് വോയ്സ് കോൾ, വീഡിയോകോൾ ഉൾപ്പെടെ ഗ്രൂപ്പ് അംഗങ്ങൾക്ക് കൂട്ടമായി സംവദിക്കാനുള്ള മറ്റ് ഫീച്ചറുകൾ ഇതിനകം ലഭ്യമാണ്. അവയ്ക്ക് പുറമെയാണ് വോയ്സ് ചാറ്റ് ഫീച്ചർ. ഗ്രൂപ്പ് വോയ്സ് കോളും വോയ്സ് ചാറ്റും വോയ്സ് മെസേജിങും തമ്മിലുള്ള തമ്മിലുള്ള വെത്യാസം എന്തെന്ന ചോദ്യം വരാം.
ഒറ്റ വാക്കിൽ പറഞ്ഞാൽ, ക്ലബ് ഹൗസ്, ടെലഗ്രാം, ഡിസ്കോർഡ് എന്നിവയിൽ ഇതിനകം ലഭ്യമായതിന് സമാനമായ വോയ്സ് ചാറ്റ് ഫീച്ചറാണ് വാട്സാപ്പ് ഇപ്പോൾ അവതിരിപ്പിച്ചിരിക്കുന്നത്. ഗ്രൂപ്പ് അംഗങ്ങൾക്ക് ഒരു വോയ്സ് ചാറ്റ് ആരംഭിക്കാനാവും. അതിൽ പങ്കെടുക്കാനും സംസാരിക്കാനും താൽപര്യമുള്ളവർക്ക് പങ്കെടുക്കാം. അല്ലാത്തവർക്ക് പുറത്ത് നിൽക്കാം.
സാധാരണ വോയ്സ് കോൾ ചെയ്യുമ്പോൾ അംഗങ്ങൾക്കെല്ലാവർക്കും ഫോൺ റിങ് ചെയ്യും. എന്നാൽ വോയ്സ് ചാറ്റ് ആരംഭിക്കുമ്പോൾ അത്തരം ഒരു ശല്യവും ഉണ്ടാവില്ല. നിശബ്ദമായ ഒരു പുഷ് നോട്ടിഫിക്കേഷൻ മാത്രമാണ് ഫോണുകളിൽ കാണിക്കുക. വോയ്സ് ചാറ്റിൽ പങ്കെടുത്തുകൊണ്ടു തന്നെ മറ്റ് വാട്സാപ്പ് ചാറ്റുകൾ ഉപയോഗിക്കാനാവും. ചാറ്റിൽ പങ്കെടുക്കാതെ തന്നെ ആരെല്ലാം ചാറ്റിൽ പങ്കെടുക്കുന്നുണ്ടെന്ന് കാണാനും ഗ്രൂപ്പ് അംഗങ്ങൾക്ക് സാധിക്കും.

വോയ്സ് ചാറ്റ് ആരംഭിക്കുമ്പോൾ ചെറിയൊരു ബാനറായി വാട്സാപ്പിന് മുകളിലായി ആക്റ്റീവ് ചാറ്റിന്റെ വിവരങ്ങൾ കാണാം. 33 മുതൽ 128 ആളുകൾ വരെയുള്ള വലിയ ഗ്രൂപ്പുകളിലാണ് വോയ്സ് ചാറ്റ് ഫീച്ചർ അവതരിപ്പിച്ചിരിക്കുന്നത്. വാട്സാപ്പ് ലോഗിൻ ചെയ്ത ഫോണിൽ മാത്രമേ ഈ സൗകര്യം ലഭിക്കൂ.


