ലോക്സഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്കെതിരെ ഒന്നിച്ച് അണിനിരക്കുന്നത് ചർച്ച ചെയ്യാൻ പ്രതിപക്ഷ പാർട്ടികളുടെ രണ്ടാം യോഗം നാളെ ബെംഗളൂരുവിൽ. 24 പ്രതിപക്ഷ പാർട്ടികളെയാണ് യോഗത്തിലേക്ക് ക്ഷണിച്ചത്. ഡൽഹി സർക്കാരിനെതിരായ കേന്ദ്ര ഓർഡിനൻസിൽ ആം ആംദ്മി പാർട്ടിക്ക് കോൺഗ്രസ് പിന്തുണ ഉറപ്പായതോടെ അരവിന്ദ് കെജ്രിവാൾ യോഗത്തിൽ പങ്കെടുക്കുമെന്ന പ്രതീക്ഷയിലാണ് പ്രതിപക്ഷ പാർട്ടികൾ.

കോൺഗ്രസാണ് യോഗത്തിന് ആതിഥ്യം വഹിക്കുക. പട്നയിൽ ദേശീയ പാർട്ടികളെയാണ് പ്രധാനമായും യോഗത്തിലേക്ക് ക്ഷണിച്ചിരുന്നതെങ്കിൽ, പ്രാദേശിക പാർട്ടികളെ കൂടി ബെംഗളൂരുവിലെ യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്. മുസ്ലിം ലീഗ്, കേരള കോൺഗ്രസ്, കേരള കോൺഗ്രസ് (ജെ), ആർ.എസ്.പി, ഫോർവേഡ് ബ്ലോക്ക്, എം.ഡി.എം.കെ, കെ.ഡി.എം.കെ, വി.സി.കെ എന്നീ പാർട്ടികളെയാണ് പുതിയതായി യോഗത്തിലേക്ക് ക്ഷണിച്ചത്.
യോഗത്തിൽ പങ്കെടുക്കണോ എന്ന് എ.എ.പി നേതാക്കൾ ഇന്ന് ചർച്ച ചെയ്ത് തീരുമാനിക്കും. ഒരു ടീമായി പ്രവർത്തിക്കാൻ കോൺഗ്രസിന് മടിയാണെങ്കിൽ ആ സഖ്യത്തിന്റെ ഭാഗാമാവാൻ കഴിയില്ലെന്നാണ് എ.എ.പി നേരത്തെ വ്യക്തമാക്കിയിരുന്നത്. ഡൽഹി സർക്കാരിനെതിരായ കേന്ദ്ര ഓർഡിനൻസിൽ എ.എ.പിക്ക് കോൺഗ്രസ് ആദ്യ ഘട്ടത്തിൽ പിന്തുണ നൽകാതിരുന്നതും ഇരു പാർട്ടികളും തമ്മിലുള്ള ഐക്യത്തിന് തടസ്സമായിരുന്നു. ഡൽഹി ഓർഡിനൻസിൽ എ.എ.പിയെ പിന്തുണയ്ക്കാൻ കോൺഗ്രസ് തീരുമാനിച്ചതോടെ കെജ്രിവാൾ യോഗത്തിനെത്തുമെന്നാണ് പ്രതിപക്ഷ പാർട്ടികളുടെ കണക്കുകൂട്ടൽ.

കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ആഭ്യന്തര മന്ത്രി പരമേശ്വർ, രൺദീപ് സിങ് സുർജേവാല എന്നിവർ യോഗത്തിന്റെ ഒരുക്കങ്ങൾ വിലയിരുത്തി. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയാണ് പാർട്ടി നേതാക്കളെ യോഗത്തിലേക്ക് ക്ഷണിച്ചത്. എൻ.സി.പിയിലെ പിളർപ്പും യോഗത്തിൽ ചർച്ചയാകും. യോഗത്തിന് ശേഷം സോണിയാ ഗാന്ധി നേതാക്കൾക്ക് അത്താഴ വിരുന്നും ഒരുക്കുന്നുണ്ട്.



