കോട്ടയം വെള്ളൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ഡോക്ടർ കുഴഞ്ഞുവീണ സംഭവത്തിൽ രൂക്ഷ വിമർശനവുമായി കെജിഎംഒഎ. സമയത്തിന് ഭക്ഷണം പോലും കഴിക്കാനാകാതെ തുടർച്ചയായി രോഗികൾക്ക് ചികിത്സ നൽകേണ്ടി വന്നതോടെയാണ് ഡോക്ടർ കുഴഞ്ഞുവീണതെന്നും ദൗർഭാഗ്യകരമായ ഇത്തരം സംഭവങ്ങൾ കേരളത്തിൽ ആദ്യത്തേത് അല്ലെന്നും കെജിഎംഒഎ വിമർശിച്ചു. പരിമിതമായ മാനവ വിഭവശേഷിയിലും വണ്ടിക്കാളകളെപ്പോലെ ജോലിയെടുക്കേണ്ടി വരുന്ന ആരോഗ്യ പ്രവർത്തകർക്ക് ഉണ്ടാകുന്ന അമിത സമ്മർദ്ദം വഴിതെളിക്കുന്ന ഇത്തരം സംഭവങ്ങൾ യഥാർത്ഥത്തിൽ മഞ്ഞുമലയുടെ അറ്റം മാത്രമാണെന്നും സംഘടന ചൂണ്ടികാട്ടി.
ലോകാരോഗ്യ സംഘടന നിഷ്കർഷിക്കുന്ന ഡോക്ടർ – രോഗീ അനുപാതം 1:1000 എന്നതാണ്. കേരളത്തിൽ മൊത്തത്തിൽ 80,000 ഡോക്ടർമാർ ജോലി ചെയ്യുന്നു എന്നാണ് കണക്കെങ്കിലും ആരോഗ്യ വകുപ്പിൽ കേവലം 6,165 ഡോക്ടർമാരുടെ തസ്തികകളാണ് ഉള്ളത്. ഇക്കഴിഞ്ഞ വർഷങ്ങളിൽ സർക്കാർ മേഖലയിൽ ചികിത്സ തേടുന്നവരുടെ എണ്ണത്തിൽ വൻ വർധനവ് ആണ് ഉണ്ടായിട്ടുള്ളത്. ഏതാണ്ട് അമ്പത് ശതമാനത്തോളം ആളുകൾ സർക്കാർ മേഖലയെ ചികിത്സക്കായി ആശ്രയിക്കുന്നുവെന്നിരിക്കേ1:1000 എന്ന ഡോക്ടർ രോഗീ അനുപാതം ഉറപ്പാക്കാൻ 17,665 ഡോക്ടർമാരുടെ സേവനം കൂടെ ആവശ്യമായി വരും എന്നത് മനുഷ്യവിഭവശേഷിയിലെ പോരായ്മയുടെ ആഴം വ്യക്തമാക്കുന്നതാണെന്നും സംഘടന പുറത്തിറക്കിയ കുറിപ്പിൽ പറയുന്നു.

ഗുണമേന്മയാർന്ന സേവനം നൽകുന്നതിനായി NOAS, കായകൽപ്പ തുടങ്ങി വിവിധ അക്രഡിറ്റേഷൻ പദ്ധതികൾ സർക്കാർ തലത്തിൽ ഊർജിതമായി നടപ്പാക്കുമ്പോഴും പരിമിതമായ മനുഷ്യവിഭവശേഷി പ്രത്യേകിച്ചും ഡോക്ടർമാരുടെ പോസ്റ്റുകൾ മെച്ചപ്പെടുത്താനുള്ള ശ്രമങ്ങൾ ഉണ്ടാകുന്നില്ലെന്നത് തികച്ചും പ്രതിഷേധാർഹമാണ്.
തിരക്ക് പിടിച്ച ഒ പി ഡ്യൂട്ടിക്കിടെ രോഗ വിവരം കേൾക്കാനും പരിശോധനയ്ക്കും ചികിത്സയ്ക്കുമായി ഒരു രോഗിക്ക് വേണ്ടി ഡോക്ടർക്ക് ചിലവഴിക്കാൻ സാധിക്കുന്നത് കേവലം ഒന്നോ രണ്ടോ മിനിട്ടുകളാണ്. ഇവിടെ ഡോക്ടറുടെയും രോഗിയുടേയും അവകാശങ്ങൾ ഒരു പോലെ ലംഘിക്കപ്പെടുകയാണ്. മികച്ച സേവനം നൽകാൻ വെല്ലുവിളിയാകുന്നു എന്നതിലുപരി രോഗികളിൽ അസംതൃപ്തി ഉണ്ടാക്കുന്നതിനും ആശുപത്രിസംഘർഷങ്ങൾക്കും ഇത് കാരണമാവുകയും ചെയ്യുന്നു.
ഔട്ട് പേഷ്യന്റ് സേവനത്തിലേക്ക് മാത്രം കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ ബൃഹത്തായ ഉത്തരവാദിത്തങ്ങളെ ചുരുക്കിക്കൊണ്ട് 3 ഡോക്ടർമാരുടെ മാത്രം സേവനം ലഭ്യമായ സ്ഥാപനങ്ങളിൽ പോലും വൈകീട്ട് വരെ ഒപി സേവനം നൽകേണ്ടി വരുന്ന അവസ്ഥയും തുമ്പിയെക്കൊണ്ട് കല്ലെടുപ്പിക്കുന്നത് പോലെ ദയനീയമാണെന്ന് സംഘടന കുറ്റപ്പെടുത്തി.
കേവലം രോഗീപരിചരണത്തിലുപരിയായി രോഗ പ്രതിരോധ പ്രവർത്തനങ്ങളും വിവിധ ദേശീയ പദ്ധതികളുടെ നടത്തിപ്പും സാമൂഹ്യ സുരക്ഷാ പദ്ധതികളിലെ പങ്കാളിത്തവുമെല്ലാം നമ്മുടെ ആരോഗ്യ സ്ഥാപനങ്ങളുടെ ചുമതലയിൽ പെട്ടതാണ് എന്നതു കൂടി ഓർക്കേണ്ടതുണ്ട്.
വെള്ളൂർ പിഎച്ച്സിയിൽ ഉണ്ടായതു പോലെ ദൗർഭാഗ്യകരവും ആരോഗ്യ കേരളത്തിന് അപമാനകരവുമായ സംഭവങ്ങൾ ഇനിയും ആവർത്തിക്കപ്പെടാതിരിക്കാൻ, ആരോഗ്യ സ്ഥാപനങ്ങളുടെ വികസനം എന്നത് കേവലം ഭൗതിക സാഹചര്യങ്ങളുടെ വികസനം മാത്രമാവാതെ വർധിച്ചു വരുന്ന രോഗീ ബാഹുല്യം കണക്കിലെടുത്ത് മനുഷ്യവിഭവ ശേഷിയിലും കാലാനുസൃതമായ പരിഷ്കരണം ഉണ്ടാകേണ്ടത് അത്യാവശ്യമാണ്.

രോഗീപരിചരണത്തിന് പുറമേ, സ്ഥാപനത്തിന്റെ ഭരണപരമായ ചുമതലകൾ, വിവിധ പദ്ധതികളും ആയി ബന്ധപ്പെട്ട അവലോകന യോഗങ്ങൾ, പരിശീലന പരിപാടികൾ വിഐപി ഡ്യൂട്ടികൾ, മെഡിക്കൽ ബോർഡ്, ഇ- സഞ്ജീവനി തുടങ്ങി എണ്ണിയാലൊടുങ്ങാത്ത ജോലികളാണ് മെഡിക്കൽ ഓഫീസർമാർ ചെയ്യേണ്ടി വരുന്നത്.
വിവിധ കേഡറുകളിലെ ഡോക്ടർമാരുടെ ജോലിയും ഉത്തരവാദിത്തങ്ങളും കൃത്യമായി നിർവ്വചിക്കപ്പെടുകയും വിവിധ സ്പെഷ്യാൽറ്റികളിലേയും ജനറൽ കേഡറിലേയും ഡോക്ടർമാർ പ്രതിദിനം കാണേണ്ടുന്ന രോഗികളുടെ എണ്ണം നിജപ്പെടുത്തുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്. ശാസ്ത്രീയമായി ഇത് നിർവ്വചിക്കപ്പെടേണ്ടത് നിലവാരമുള്ള ചികിത്സ ഉറപ്പുവരുത്തുന്നതിനും ഡോക്ടറുടെയും രോഗിയുടെയും മനുഷ്യാവകാശം ഉറപ്പാക്കുന്നതിനും അത്യന്താപേക്ഷിതവുമാണ്. പൊതുജനങ്ങൾ അർഹിക്കുന്ന രീതിയിലുള്ള ഗുണപരമായ ചികിത്സയും സേവനവും ഉറപ്പാക്കാനും സാധിക്കുന്ന തരത്തിൽ മനുഷ്യവിഭവശേഷിയിലെ കുറവ് പരിഹരിക്കാൻ സർക്കാർ അടിയന്തിരമായി ഇടപെടണമെന്നും സംഘടന ആവശ്യപ്പെടുന്നു.


