ലോകത്തിലെ ഏറ്റവും ധനികനായ രാഷ്ട്രീയ നേതാവായാണ് റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുതിൻ കണക്കാക്കപ്പെടുന്നത്. എന്നാൽ അദ്ദേഹത്തിന്റെറെ ആസ്‌തിയുമായി ബന്ധപ്പെട്ട് ഇപ്പോഴും കൃത്യമായ കണക്കുകൾ പുറത്തുവന്നിട്ടില്ല. തനിക്ക് ഒരു കോടി പതിനേഴ് ലക്ഷത്തിന് അടുത്ത് വാർഷിക വരുമാനമുണ്ടെന്നാണ് പുതിൻ സമ്മതിച്ചിട്ടുള്ളത്. 800 ചതുരശ്ര അടി വിസ്തീർണമുള്ള ഒരു അപ്പാർട്മെൻ്റും ഒരു ട്രെയിലറും മൂന്ന് കാറുകളും മാത്രമാണ് തൻ്റെ ഉടമസ്ഥതയിലുള്ളതെന്നാണ് അദ്ദേഹം പറയുന്നത്.

എന്നാൽ പുതിൻറെ ജീവിതരീതിയും ഇപ്പോൾ പുറത്തുവന്ന മറ്റ് റിപ്പോർട്ടുകളും സൂചിപ്പിക്കുന്നത് മറ്റൊന്നാണ്. പുതിയ റിപ്പോർട്ടുകളിൽ പറയുന്നത് അദ്ദേഹത്തിന്റെ ആസ്‌തി 200 ബില്യൺ യുഎസ് ഡോളർ വരുമെന്നാണ്. അതായത് 20,000 കോടി രൂപ. റഷ്യയിലെ ഒരു പ്രമുഖ ഇൻവെസ്റ്റർ പുതിന്റെ സ്വത്ത് സംബന്ധിച്ച കാര്യങ്ങളിൽ നേരത്തേ തന്നെ സംശയമുന്നയിച്ചിരുന്നു.

പുതിന്റേതെന്ന് പറയപ്പെടുന്ന ബ്ലാക്ക് സീ മാൻഷൻ എന്ന കൊട്ടാരം ആഡംബരത്തിൻ്റെ പര്യായമാണ്. ഇത് അദ്ദേഹത്തിൻ്റെ ‘കൺട്രി കോട്ടേജ്’ ആയാണ് അറിയപ്പെടുന്നത്. ഈ കൊട്ടാരത്തിൽ ഗ്രീക്ക് ദൈവങ്ങളുടെ പ്രതിമകളാൽ ചുറ്റപ്പെട്ട ഒരു മാർബിൾ സ്വിമ്മിങ് പൂളും ഒരു ആംഫി തിയേറ്ററും ഐസ് ഹോക്കി റിങ്കും വേഗസ് മോഡൽ കസിനോയും നൈറ്റ് ക്ലബുമൊക്കെയുണ്ടെന്നാണ് പറയപ്പെടുന്നത്.

അഞ്ച് ലക്ഷം യുഎസ് ഡോളർ വിലയുള്ള ഫർണിച്ചറാണ് ഈ കൊട്ടാരത്തിന്റെ ഡൈനിങ് റൂമിൽ ഇട്ടിരിക്കുന്നത്. 54,000 ഡോളർ വിലയുള്ള ബാർ ടേബിളും വിലകൂടിയ ഇറ്റാലിയൻ ടോയ്‌ലെറ്റ് ബ്രഷുകൾ ഉൾപ്പെടുന്ന ബാത്ത്റൂമുകളുമെല്ലാം ഈ കൊട്ടാരത്തിൻ്റെ ആഡംബര സ്വഭാവം കാണിക്കുന്നു. ഇത്രയും ലക്ഷ്വറി കാത്തുസൂക്ഷിക്കുന്നതിനായി ഏകദേശം രണ്ട് മില്യൺ യുഎസ് ഡോളർ വർഷത്തിൽ ചെലവാക്കമെന്നാണ് ഫോർച്യൂണിന്റ റിപ്പോർട്ട് പറയുന്നത്. അതായത് 16 കോടി 62 ലക്ഷം രൂപ. കൂടാതെ, 40 സ്റ്റാഫിന്റെയെങ്കിലും ആവശ്യവും ഇവിടെയുണ്ട്.

ഈ കൊട്ടാരം കൂടാതെ മറ്റ് 19 വീടുകളും 700 കാറുകളും 58 എയർക്രാഫ്റ്റുകളും ഹെലികോപ്റ്ററുകളും 716 മില്യൺ ഡോളർ വിലയുള്ള ഒരു വിമാനവും ഇദ്ദേഹത്തിന്റേതായുണ്ടെന്ന് പറയപ്പെടുന്നു. ഇതുകൂടാതെ ഷെഹറസെയ്‌ദ് എന്നുപേരുള്ള 700 കോടി വിലമതിക്കുന്ന ഒരു കൂറ്റൻ കപ്പലും കോടികൾ വിലമതിക്കുന്ന വാച്ച് ശേഖരവുമുണ്ടെന്നും റിപ്പോർട്ടുകളിൽ പറയുന്നു.


